• 26 Oct 2021
  • 02: 26 PM
Latest News arrow

നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സിപിഎം ശരിവെച്ചെന്ന് ദീപിക; വാസവന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടതിന്റെ സൂചന

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ സിപിഎം ശരിവെച്ചെന്ന് സീറോ മലബാര്‍ സഭ മുഖപത്രം ദീപിക. സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വിഎന്‍ വാസവന്റെ പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശനവും എല്ലാം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണ്. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ ഉന്നതതലയോഗത്തില്‍ നിന്നും അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യമായതായി മനസ്സിലാക്കാമെന്നും ദീപികയിലെ ലേഖനത്തില്‍ പറയുന്നു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചതും  സിപിഎം ശരിവെച്ചതുമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുന്‍ വിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകള്‍ക്ക് അറുതി വരുത്തുകയാണ് വേണ്ടതെന്നും 'യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞക നടിക്കുന്നവരും' എന്ന ലേഖനത്തില്‍ ആവശ്യപ്പെടുന്നു. സികെ കുര്യാച്ചനാണ് ഈ ലേഖനം എഴുതിയത്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് കരുതുന്നു. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ മുമ്പേ അറിയാവുന്നതാണ്. എന്നാല്‍ അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദേശസുരക്ഷയെ പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇക്കാര്യം ബോധ്യമുണ്ടെങ്കില്‍ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണ് വേണ്ടത്. അല്ലാതെ ബിഷപ്പിന്റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയുമല്ല വേണ്ടതെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.