• 26 Oct 2021
  • 02: 20 PM
Latest News arrow

''ഏതെങ്കിലും മതവിഭാഗത്തോട് അസഹിഷ്ണുതയില്ല''; കൈപ്പുസ്തകത്തില്‍ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

കോഴിക്കോട്: ലവ് ജിഹാദിനായി ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് വിവരിക്കുന്ന കൈപ്പുസ്തകത്തില്‍ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്താനും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാനുമായിരുന്നു കൈപ്പുസ്തകം ഇറക്കിയതെന്ന് താമരശ്ശേരി രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വിശ്വാസ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ക്രൈസ്തവ യുവജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനും മതബോധന വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിനായി ഇറക്കിയതാണ് പുസ്തകമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മതസൗഹാര്‍ദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധന കേന്ദ്രം ഡയറക്ടര്‍ല ഫാ. ജോണ്‍ പള്ളിക്കാവയലില്‍ അഭ്യര്‍ത്ഥിച്ചു.

ഇടവകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം തയ്യാറാക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന കൈപ്പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. 

കൈപ്പുസ്തകത്തിലെ വിവാദപരാമര്‍ശങ്ങള്‍.... 

> മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗമാണ് ലൗ ജിഹാദ്.
> മുസ്ലീം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളാണ്.
> പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്ലീം പുരോഹിതന്‍മാര്‍ ആഭിചാരം നടത്തുന്നു.
> പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
> മുസ്ലീം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പര്‍ശനം പോലും വശീകരണത്തിന് കാരണമാകും. ബന്ധന പ്രാര്‍ത്ഥന വഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷ നേടാം.
> ഒമ്പത് ഘട്ടങ്ങളിലൂടെയാണ് ലൗ ജിഹാദ് നടപ്പാക്കുന്നത്. 
> വശീകരണവും ലൈംഗിക ബന്ധവും വിവാഹവുമൊക്കെ ഇതിലെ വ്യത്യസ്ത ഘട്ടങ്ങളാണ്.
> പെരുന്നാളാഘോഷത്തിന് വീട്ടിലേക്ക് വിളിക്കുന്നത് പോലും ഗൂഢമായ ലൗ ജിഹാദിന്റെ ഭാഗമാണ്. 
> മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ ഐഎസ് തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളാക്കി വില്‍ക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. യത്തീംഖാനകളില്‍ ജോലിക്കാരാക്കുന്നു. മത പുരോഹിതന്‍മാരുടെയോ തീവ്രവാദികളുടെയോ ഭാര്യമാരിലൊരാളാക്കുന്നു. പെണ്‍കുട്ടിയെ മതം മാറ്റുന്ന ജിഹാദിക്കും കുടുംബത്തിനും ഇസ്ലാമിക സംഘടനകളില്‍ നിന്ന് വലിയ തുക ലഭിക്കുന്നു. 
> അന്യമതസ്ഥരായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്ലാം തത്വം പ്രകാരം തിന്‍മയല്ല.

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം ക്രിസ്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് താമരശ്ശേരി രൂപതയുടെ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുന്നത്.