• 21 Sep 2021
  • 05: 35 PM
Latest News arrow

കോണ്‍ഗ്രസുമായുള്ള ബന്ധമെല്ലാം അവസാനിപ്പിച്ചെന്ന് കെപി അനില്‍കുമാര്‍; അനില്‍കുമാറിനോട് പൊറുക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍

കോഴിക്കോട്: ഡിസിസി പുന:സംഘടനയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിടുന്ന കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കി. ഡിസിസി പ്രസിഡന്റുമാരെ സഞ്ചിതൂക്കികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് അനില്‍കുമാറിനോട് പൊറുക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള അച്ചടക്കനടപടി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്ന് കെപി അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. അധിക്ഷേപ വാക്കുകള്‍ക്ക് അനില്‍കുമാര്‍ നല്‍കിയ വിശദീകരണം കെപിസിസി തള്ളിയിരുന്നു. 

അനില്‍കുമാര്‍ ഇനി സിപിഎമ്മിലേക്ക് പോയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് വരുന്ന എല്ലാവരെയും സ്വീകരിക്കാന്‍ നേരത്തെ തന്നെ സിപിഎം തീരുമാനമെടുത്തിട്ടുണ്ട്. നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രശാന്തും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ കെപി അനില്‍കുമാര്‍. 

അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രസ്താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും സസ്‌പെന്‍ഷനില്‍ കഴിയുന്ന ശിവദാസന്‍ നായരുടെയും വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. ഇനി മേലില്‍ കടുത്ത രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വാക്കുകള്‍ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസന്‍ നായര്‍ നല്‍കിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.