• 21 Sep 2021
  • 04: 46 PM
Latest News arrow

കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ നാഴികക്കല്ല് താണ്ടി ഇന്ത്യ; അഭിനന്ദനവുമായി ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: ജനുവരിയില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം 75 കോടി കോവിഡ് പ്രതിരോധ ഡോസുകള്‍ നല്‍കി ഇന്ത്യ. അഭൂതപൂര്‍വമായ വേഗതയില്‍ കോവിഡ് -19 വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിച്ചതിന് ലോകാരോഗ്യ സംഘടന ഇന്ത്യയെ അഭിനന്ദിച്ചു. ആദ്യത്തെ 100 ദശലക്ഷം ഡോസുകള്‍ നല്‍കുന്നതിന് 85 ദിവസമെടുത്തപ്പോള്‍, വെറും 13 ദിവസത്തിനുള്ളില്‍ ഇന്ത്യ 650 ദശലക്ഷത്തില്‍ നിന്ന് 750 ദശലക്ഷം ഡോസുകള്‍ കൊടുത്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു

10 കോടി വാക്‌സിനേഷന്‍ മാര്‍ക്ക് തൊടാന്‍ ഇന്ത്യ 85 ദിവസം എടുത്തപ്പോള്‍ 20 കോടി കടക്കാന്‍ 45 ദിവസവും 30 കോടിയിലെത്താന്‍ 29 ദിവസവും മാത്രമാണ് രാജ്യത്തിന് വേണ്ടി വന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

40 കോടിയിലെത്താന്‍ 24 ദിവസം വേണ്ടി വന്നപ്പോള്‍ ആഗസ്റ്റ് 6-ാം തിയതി 50 കോടി വാക്‌സിനേഷന്‍ മാര്‍ക്ക് മറികടക്കാന്‍ 20 ദിവസമെടുത്തു. 60 കോടി പിന്നിടാന്‍ 19 ദിവസമാണ് വേണ്ടി വന്നത്. സെപ്റ്റംബര്‍ 7-ാം തിയതിയായിരുന്നു അത്. അതില്‍ നിന്നും 70 കോടിയിലേക്കെത്താന്‍ 13 ദിവസം മാത്രമേ എടുത്തുള്ളൂ.

സിക്കിം, ഹിമാചല്‍ പ്രദേശ്, ഗോവ, ദാദ്ര, നാഗര്‍ ഹവേലി, ലഡാക്ക്, ലക്ഷദ്വീപ് എന്നീ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ മുതിര്‍ന്ന ആളുകളും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 

ജനുവരി 16 ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ് നല്‍കിയാണ് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. മുന്‍നിര തൊഴിലാളികളുടെ കുത്തിവയ്പ്പ് ഫെബ്രുവരി 2 മുതലും ആരംഭിച്ചു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളില്‍ പ്രായമുള്ള പ്രത്യേക രോഗവാസ്ഥയിലുള്ളവര്‍ക്കും മാര്‍ച്ച് 1 മുതല്‍ അടുത്തഘട്ട വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും രാജ്യം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് അനുവദിച്ചുകൊണ്ട് വാക്‌സിനേഷന്‍ ഡ്രൈവ് സര്‍ക്കാര്‍ വിപുലീകരിക്കുകയും ചെയ്തു.