ദീര്‍ഘനേരമുള്ള ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉപയോഗം അകാലവാര്‍ധക്യത്തിന് കാരണമാകും; പഠനം

ദീര്‍ഘനേരം ലാപ്പ്ടോപ്പും മൊബൈല്‍ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം മിക്ക ആളുകള്‍ക്കും അറിവുള്ളതാണ്. കയ്യിലെ പേശികള്‍ക്ക് സ്ട്രെയിന്‍ ഉണ്ടാവുക, കണ്ണുകള്‍ വരണ്ടുപോവുക, കഴുത്ത് വേദന, അമിതഭാരം, മാനസിക അസ്വസ്ഥതകള്‍, വിഷാദം എന്നീ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ ചര്‍മ്മത്തിനും കേടുപാടുണ്ടാക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ സ്ക്രീനുകളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് സ്ഥിരമായി ഏല്‍ക്കുന്നത് വഴിയാണ് ചര്‍മ്മത്തിന് കേടുപാടുണ്ടാകുന്നത്. ഇത് അകാല വാര്‍ധക്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍.
വിസിബിള്‍ സ്പെക്ട്രത്തിലെ ഉയര്‍ന്ന ഫ്രീക്വന്‍സിയും കുറഞ്ഞ വേവ്ലെങ്ത്തുമുള്ള ഹൈ എനര്‍ജി വിസിബിള്‍ ലൈറ്റാണ് ബ്ലൂ ലൈറ്റ്. സൂര്യപ്രകാശത്തിലും ട്യൂബ് ലൈറ്റിലും എല്‍ഇഡി ലൈറ്റിലും ടിവി സ്ക്രീനിലും സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, കംപ്യൂട്ടറുകള്‍ എന്നിവയിലും ബ്ലൂലൈറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നുള്ള ബ്ലൂലൈറ്റാണ് ചര്‍മ്മത്തിലെ കോശങ്ങളെ നശിപ്പിക്കുന്നത്. കാരണം ഈ ഉപകരണങ്ങള്‍ ശരീരത്തിനോട് ചേര്‍ത്ത് വെച്ചാണ് നാം ഉപയോഗിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂണിലിവര്‍ സ്കിന്‍ കെയര്‍ റിസര്‍ച്ച് പുറത്തുവിട്ട ഒരു പഠനഫലത്തില്‍ പറയുന്നത് നാല് ദിവസം കംപ്യൂട്ടറിന് മുമ്പില്‍ ഇരിക്കുന്നത് നട്ടുച്ചയ്ക്ക് 20 മിനിറ്റ് നേരം വെയിലത്ത് നില്‍ക്കുന്നതിന് തുല്യമാണെന്നാണ്.
ബ്ലൂലൈറ്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സിന് കാരണമാവുകയും അങ്ങിനെ ചര്‍മ്മത്തിലെ കൊളാജനെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ ബ്ലൂലൈറ്റ് ആഗിരണം ചെയ്ത് ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകാന്‍ ഇടയാക്കുന്നു. ഇത് ചര്‍മ്മത്തെ നശിപ്പിക്കാന്‍ ഇടയാക്കുന്ന അസ്ഥിര ഓക്സിജന്‍ തന്മാത്രകളുടെ രൂപീകരണത്തിന് കാരണമാകുന്നു. ഈ പ്രവര്‍ത്തനഫലമായാണ് ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നത്.
അതിനാല്‍ നാം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് എമിഷന്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ബ്ലൂ ലൈറ്റ് പ്രൊട്ടക്ടിങ് സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. ദീര്‍ഘനേരം ലാപ്ടോപ്പില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ നിശ്ചിത സമയം നിശ്ചയിച്ച് ഇടവേളകള്‍ എടുക്കാം. ബ്ലൂലൈറ്റിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന അയണ്‍ ഓക്സൈഡ് അടങ്ങിയ മിനറല്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും ഏറെ ഗുണം ചെയ്യും.