• 21 Sep 2021
  • 05: 08 PM
Latest News arrow

നാര്‍ക്കോട്ടിക് ''ജിഹാദ്: മുഖ്യമന്ത്രിയുടെ പ്രതികരണം തീവ്രവാദികളെ ഭയന്നിട്ട്''; വിമര്‍ശനവുമായി ദീപിക

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക ദിനപത്രം. മുഖ്യമന്ത്രിയുടെ പ്രതികരണം തീവ്രവാദികളെ ഭയന്നിട്ടാകാം. പക്ഷേ, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി കൂടി ഉള്‍പ്പെട്ടതാണ് മുന്നണി. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്ന് പറയേണ്ടതുണ്ടെന്നും എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പിടി തോമസ് എന്നിവര്‍ക്കെതിരെയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. 'കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും പിടി തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതീശന്‍ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയേണ്ടത്. വിയോജിപ്പുള്ള ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ സതീശനൊപ്പമെന്ന് കരുതേണ്ടി വരും.' ലേഖനത്തില്‍ പറയുന്നു. 

മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ തിടുക്കംകാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലില്‍കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന് ഏറെ ഉണ്ടാകുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കി.