• 21 Sep 2021
  • 03: 50 PM
Latest News arrow

എആര്‍ ബാങ്ക് ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

തിരുവനന്തപുരം: എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടതിന് കെടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും ജലീല്‍ പറഞ്ഞു. 

അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുമ്പില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നത്. കേസില്‍ 7 തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

ഇഡിയ്ക്ക് അനുകൂലമായി ജലീല്‍ നിലപാട് എടുത്തതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. ജലീല്‍ ഏറ്റെടുത്ത് ഉന്നയിച്ചത് എആര്‍ നഗര്‍ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടാണ്. പക്ഷേ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പാര്‍ട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങള്‍ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.