• 21 Sep 2021
  • 04: 37 PM
Latest News arrow

രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍; 188 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ രണ്ട് പേര്‍ക്കു കൂടി രോഗലക്ഷണങ്ങള്‍. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പന്ത്രണ്ട് വയസ്സുകാരന് പനി വന്നപ്പോള്‍ ആദ്യം സ്വകാര്യ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്. അതിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏഴോളം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ഈ ആശുപത്രികളിലെല്ലാം കൂടി ആകെ 188 പേര്‍ സമ്പര്‍ക്കത്തില്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവരെയെല്ലാം വിവരം അറിയിച്ചിട്ടുണ്ട്. ഇതില്‍ 20 പേര്‍ ഹൈറിസ്‌ക്കിലാണ്. അവരില്‍ രണ്ട് പേര്‍ക്കാണ് രോഗ ലക്ഷ്ണമുള്ളത്.

ഹൈ റിസ്‌ക്കിലുള്ള 20 പേരെ മെഡിക്കല്‍ കോളേജിലെ നിപ ചികിത്സയ്ക്കായി തിരിച്ചിട്ടുള്ള പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിയിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാവുകയാണെങ്കില്‍ ബ്ലോക്കിലെ ആദ്യ നിലയില്‍  അവരെ പാര്‍പ്പിക്കും. മറ്റ് രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടം കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ നടത്തും. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്‍ഫര്‍മേറ്റീവ് പരിശോധന നടത്തും. 12 മണിക്കൂറിനുളളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.