കുറോസോവയുടെയും കൊയ്ലോയുടെയും സൃഷ്ടികളുമായി തട്ടിച്ചാണോ സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും അവാര്‍ഡ് നല്‍കുന്നത്? പ്രതിഷേധവുമായി സീരിയല്‍ മേഖല

തിരുവനന്തപുരം: സീരിയലുകള്‍ക്ക് നിലവാരത്തകര്‍ച്ചയുണ്ടെന്ന് കാണിച്ച് ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച സീരിയല്‍ വിഭാഗത്തിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സീരിയല്‍ മേഖല. സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ജൂറി പരാമര്‍ശത്തിനെതിരെയും സീരിയല്‍ രംഗത്ത് നിന്ന് പ്രതിഷേധങ്ങളുയര്‍ന്നു.
നടന് ഹരീഷ് പേരടിയാണ് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും കുറൊസാവയുടെയോ പാവ്ലോ കൊയ്ലോയുടെയോ സൃഷ്ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍....
''ഈ നില്ക്കുന്നവരുടെ വീട്ടിലേക്ക് വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടിക്കൊണ്ടിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകള്‍ കണ്ടുകൊണ്ടിരിക്കും. ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റ് വീടുകളില്‍ തകരാന്‍ പോകുന്നത്? നിങ്ങളുടെ മുമ്പില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും. പറഞ്ഞ പണിയെടുത്താല്‍ പോരേ..
നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കുമൊക്കെ ഭയങ്കര നിലവാരമാണോ? നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ എന്നൊന്നും നോക്കിയിട്ടല്ലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്. പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പിടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല.
അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണര്‍ക്ക്, പുശ്ചമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണരായ സീരിയല്‍ കലാകാരന്മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയുമില്ല. എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറേ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിന് വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വെറും ജാഡ അത്രയേയുള്ളൂ.'' ഹരീഷ് പേരടി പറഞ്ഞു.
നടി സീമ ജി നായരും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അവരുടെ പ്രതികരണം ഇങ്ങിനെ...
''സമൂഹത്തില്‍ നടക്കുന്നതല്ലാത്ത എന്ത് കാര്യമാണ് നിങ്ങള്‍ സീരിയലില്‍ മാത്രമായി കണ്ടത്? ഏതെങ്കിലും സീരിയല്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ടോ? ഒരു കഥയാകുമ്പോള്‍ അതില്‍ നെഗറ്റീവുമുണ്ടാകും പോസിറ്റീവുമുണ്ടാകും. വില്ലത്തി ഉണ്ടെങ്കിലല്ലെ നായികയ്ക്ക് പ്രസക്തിയുള്ളൂ. പക്ഷേ ഇതൊക്കെക്കൊണ്ട് സീരിയല്‍ മുഴുവന്‍ നെഗറ്റീവ് ആണ്, അവാര്‍ഡ് കൊടുക്കാന്‍ പറ്റില്ല എന്നൊക്കെയുള്ള വാദങ്ങള്‍ എത്ര ബാലിശമാണ്. അങ്ങിനെയെങ്കില്‍ ഇതൊന്നും സിനിമയിലും പാടില്ല. നന്മയുടെ കഥകള്‍ മാത്രമേ സിനിമയിലും കാണിക്കാന്‍ പാടുള്ളൂ എന്നും പറയണം. എന്ത് പറഞ്ഞാലും സീരിയല്‍ മോശം എന്ന് പറയുന്നതിനോട് എനിക്കൊരിക്കലും യോജിക്കാന്‍ പറ്റില്ല. ഇതൊക്കെ ജൂറിമാരുടെ ആ സമയത്തെ മാനസികാവസ്ഥയില്‍ തോന്നുന്ന ഓരോ അഭിപ്രായങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. ഇത്രയും കാലം ഒരു ജൂറിയ്ക്കും തോന്നാത്ത എന്ത് നിലവാരത്തകര്‍ച്ചയാണ് പെട്ടെന്ന് സീരിയല്‍ രംഗത്തിന് വന്നതെന്ന് അറിയില്ല.'' സീമ ജി നായര്‍ പറഞ്ഞു.
സീരിയലുകളെ വിലയിരുത്താന്‍ നിലവിലത്തെ രീതി കുറ്റമറ്റതാണെന്ന് പറയാന്‍ കഴിയില്ലെന്ന് സാന്ത്വനം, വാനമ്പാടി തുടങ്ങിയ സീരിയലുകളുടെ സംവിധായകന് ആദിത്യന് പറഞ്ഞു. ജൂറിയ്ക്ക് മുമ്പില്‍ വന്ന വിരലിലെണ്ണാവുന്ന സീരിയലുകള്‍ മാത്രം വിലയിരുത്തിയാണ് ജൂറി ഇത്തരമൊരു അഭിപ്രായത്തിലേക്ക് വന്നത്. ഇതിലെ ചില നിയമങ്ങള്‍ കാരണം എല്ലാ സീരിയലുകളും അവാര്‍ഡിനായി അയക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുള്ളതും ഇതിനുള്ളില്‍ അവസാനിച്ചതുമായിരിക്കണം അയക്കുന്ന സീരിയലുകള്‍. അതുകൊണ്ടുതന്നെ മെഗാ സീരിയലുകള്‍ക്കൊന്നും അവാര്‍ഡിനായി അയക്കുകയെന്നത് അസാധ്യമാണ്. ഹിറ്റ് പരമ്പരകളൊക്കെ അവസാനിക്കാന്‍ മൂന്നും നാലും വര്‍ഷമൊക്കെ എടുക്കും. അതുകൊണ്ട് അവര്‍ക്ക് അവാര്‍ഡിനായി അയക്കാന്‍ കഴിയില്ല. എല്ലാ പരമ്പരകളും 100 എപ്പിസോഡുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുന്ന അമൃതാ ടിവി പോലുള്ള ചാനലുകളിലെ സീരിയലുകളും അല്ലെങ്കില്‍ റേറ്റിങ് ഇല്ലാതെ നിന്ന് പോകുന്ന സീരിയലുകള്ക്കുമൊക്കെയാണ് അവാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ജൂറിക്ക് മുമ്പില്‍ ഏതാനും സീരിയലുകളുടെ ഏതാനും എപ്പിസോഡുകള്‍ മാത്രം എത്തിയത്. അത് കണ്ടിട്ട് സീരിയലുകള്‍ മോശമാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. പണ്ട് കാലത്ത് മനോരമ വാരികയിലെയും മംഗളം വാരികയിലെയും നോവലുകള്‍ വായിച്ച് ആസ്വദിച്ചിരുന്നവരാണ് ഇപ്പോള്‍ സീരിയലുകളുടെ പ്രേക്ഷകര്‍. അവരുടെ മുമ്പില്‍ ഖസാക്കിന്റെ ഇതിഹാസം കൊടുത്താല്‍ അവരത് വായിക്കില്ല. അതുകൊണ്ട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിലവാരം ഈ നോവലുകള്‍ക്കില്ല എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഏതാനും സീരിയലുകള്‍ മാത്രം കണ്ടിട്ട് മലയാളത്തിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു സീരിയല്‍ താരം സാജന് സൂര്യയുടെ അഭിപ്രായം. ജൂറിയുടെ മുമ്പില്‍ വന്നത് അവാര്‍ഡിന് അപേക്ഷിച്ച വിരലിലെണ്ണാവുന്ന സീരിയലുകള്‍ മാത്രമാണ്. മലയാളത്തിലെ പ്രധാനപ്പെട്ട ചാനലുകളിലെ പ്രധാനപ്പെട്ട സീരിയലുകളൊന്നും അവാര്‍ഡിന് അപേക്ഷിച്ചിട്ടില്ല. ഇവിടെ ഇപ്പോള്‍ 35 ഓളം സീരിയലുകള്‍ നടക്കുന്നുണ്ട്. അതില്‍ ആറോ ഏഴോ സീരിയലുകള്‍ മാത്രമായിരിക്കും അവര്‍ കണ്ടിരിക്കുക. അത് കണ്ടിട്ട് സീരിയലുകള്‍ക്കൊന്നും നിലവാരമില്ലെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ഇവിടെ ഇറങ്ങുന്നതില്‍ ഭൂരിഭാഗവും മറ്റ് ഭാഷകളിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളുടെ റീമേക്കുകളാണ്. മലയാളത്തിലെ സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയേണ്ടി വരുമെന്നും സാജന് സൂര്യ പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ