• 21 Sep 2021
  • 04: 04 PM
Latest News arrow

കൊവിഡ്‌ പ്രതിരോധത്തില്‍ കേരളത്തിന് പാളിയത് എന്തുകൊണ്ട്?

രാജ്യത്ത് കൊവിഡ് വ്യാപനം ഇപ്പോള്‍ കൂടുതലുള്ളത് കേരളത്തിലാണ്. ദിനംപ്രതി 30,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് രോഗം ബാധിക്കുന്നത്. ടിപിആര്‍ നിരക്ക് 20 ശതമാനത്തിനടുത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോഴാണ് കേരളത്തില്‍ ഈ അവസ്ഥാവിശേഷം. 

പരിശോധനകളുടെ എണ്ണം കൂട്ടുകയും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയും ചെയ്താല്‍ മാത്രമേ കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളൂ. ഇന്‍ഫ്‌ളൂവന്‍സ പോലെയുള്ളവ കാലങ്ങളായി എല്ലാ കൊല്ലവും വരികയും ആളുകള്‍ മരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലുള്ള ഒരു അസുഖമായി കൊവിഡും മാറിയേക്കും. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഓരോ കാലത്തും വന്നുകൊണ്ടിരിക്കും. അതിനനസുരിച്ച് വാക്‌സിനും പരിഷ്‌കരിക്കേണ്ടി വരും.

കേരളത്തില്‍ വ്യാപം കൂടാനുള്ള കാരണങ്ങള്‍ വിലയിരുത്തി കൃത്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജന നിബിഡമാണ് കേരളം. സാമൂഹിക ബന്ധങ്ങള്‍ കൂടുതലാണ്. ജനങ്ങള്‍ പരസ്പരം ഇടപെടുന്നതും സഹകരിക്കുന്നതും കൂടുതലാണ്. അസുഖം ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ഇടകലരുന്നു. കല്യാണത്തിന് 20 പേര്‍ എന്ന് പറഞ്ഞപ്പോള്‍ 20 പേരുടെ പല സംഘങ്ങളാണ് പലയിടത്തും പങ്കെടുത്തത്. ബസുകളില്‍ 45-50 പേരൊക്കെ ഒരേ സമയം യാത്ര ചെയ്തു. ജനങ്ങളെ കൃത്യമായി ബോധവല്‍ക്കരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആരോഗ്യവകുപ്പ് പരിശോധനകളുടെ എണ്ണം കൂട്ടിയില്ല. അത് കഴിഞ്ഞപ്പോഴാണ് പരിശോധനകളുടെ എണ്ണം കൂട്ടുന്നത്. ഇതോടെ രോഗികളുടെ എണ്ണവും കൂടി. മരണ നിരക്കിലും വ്യാജ കണക്ക് കാണിച്ചാണ് മുന്നോട്ട് പോയിരുന്നത്. പ്രതിപക്ഷം ഉള്‍പ്പെടെ ബഹളം വെച്ചപ്പോഴാണ് കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടത്. കേരളത്തില്‍ ഇപ്പോഴുള്ളത് രണ്ട് തരംഗങ്ങളുടെ കൂടിക്കലര്‍ച്ചയാണോ എന്ന സംശയം ശക്തമാണ്. 

മറ്റ് സംസ്ഥാനങ്ങളില്‍ രോഗം വന്നവരുടെ എണ്ണമാണ് കൂടുതല്‍. ഒപ്പം വാക്‌സിനേഷന്‍ കൂടിയാകുമ്പോള്‍ ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിച്ചിരിക്കാം. എന്നാല്‍ കേരളത്തില്‍ രോഗം വരാത്തവരാണ് കൂടുതല്‍. ജനങ്ങളുടെ അവബോധം കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമം കൊണ്ടും രോഗം വരാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍ എല്ലാ കൊല്ലവും അത് സാധ്യമല്ല. 

വാക്‌സിനേഷന്‍ വ്യാപകമാക്കുകയല്ലാതെ ഇനി വേറെ മാര്‍ഗമില്ല. വാക്‌സിനേഷന്‍ സ്വകാര്യ മേഖലിയുള്‍പ്പെടെ നടത്തിയാണ് കേരളം പോളിയോ നിയന്ത്രിച്ചത്. കൊവിഡിന്റെ കാര്യത്തില്‍ എല്ലാം ഒറ്റയ്ക്ക് ചെയ്ത് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

കേരളത്തില്‍ വാക്‌സിനേഷന്‍ ഇനിയും വേഗത്തിലാക്കണം. ഒപ്പം ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും വേണം. ലോക്ക് ഡൗണ്‍ എല്ലാക്കാലവും പ്രായോഗികമല്ല. ചില സമയങ്ങളില്‍ മാത്രം കടകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് ആള്‍ക്കൂട്ടം വര്‍ധിക്കാന്‍ കാരണമാകും. കൂടുതല്‍ സമയം തുറക്കുകയാണെങ്കില്‍ ആള്‍ക്കൂട്ടം വ്യത്യസ്ത സമയങ്ങളില്‍ വരികയും അതിലൂടെ രോഗവ്യാപനം തടയാനും കഴിയുമായിരുന്നു. ഞായറാഴ്ച ലോക്ക്ഡൗണ്‍ അശാസ്ത്രീയമാണ്. വൈറസിനെയാണ് തടയേണ്ടത്. ജനങ്ങളെയല്ല.