ചരിത്രം, അഭിമാനം: ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ് നീരജ്: ഇന്ത്യയ്ക്ക് ആദ്യ അത്ലറ്റിക് സ്വര്‍ണം

ടോക്യോ: ഒളിംപിക്സില്‍ ചരിത്രമെഴുതിക്കൊണ്ട് ഇന്ത്യയ്ക്ക് അത്ലറ്റിക്സില് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് കരസേനയിലെ ഈ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഒളിംപിക്സ് അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹരിയാനക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങ് ഒളിംപിക്സിന് ശേഷമുള്ള ആദ്യ സ്വര്‍ണം കൂടിയാണിത്.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കൂബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44) വെങ്കലവും നേടി.
തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ താരം 87.03 മീറ്റര്‍ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടില്‍ കണ്ടെത്തിയ ദൂരത്തേക്കാള്‍ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യന്‍ താരം കണ്ടെത്തിയത്. ആദ്യ റൗണ്ടില്‍ നീരജ് തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം റൗണ്ടില്‍ ആദ്യ റൗണ്ടിനേക്കാള്‍ മികച്ച പ്രകടനമാണ് ചോപ്ര പുറത്തെടുത്തത്. ഇത്തവണ താരം 87.58 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് അടിതെറ്റി. ലാന്‍ഡിങ്ങില്‍ പിഴവ് വരുത്തിയതോടെ താരത്തിന് വെറും 76.79 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടെത്താനായത്. പക്ഷേ, രണ്ടാം റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ചോപ്ര തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ അതുവരെയുള്ള പ്രകടനങ്ങളില്‍ മുന്നിട്ട് നിന്ന എട്ട് പേര് ഫൈനലിലേക്ക് യോഗ്യത നേടി. നാല് പേര് പുറത്തായി. ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചോപ്ര ഫൈനലിലെത്തിയത്.
നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലുമുള്ള നീരജിന്റെ ശ്രമങ്ങള്‍ ഫൗളില്‍ കലാശിച്ചു. ആറാം ശ്രമത്തില്‍ താരം 84.24 മീറ്റര്‍ കണ്ടെത്തി. അപ്പോഴേയ്ക്കും ചോപ്ര സ്വര്‍ണം ഉറപ്പിച്ചിരുന്നു. മത്സരത്തില്‍ നീരജിന്റെ അടുത്തെത്താന്‍ പോലും ഒരു താരത്തിനും കഴിഞ്ഞില്ല.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ