• 21 Sep 2021
  • 05: 30 PM
Latest News arrow

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വായ്പയെടുക്കാത്തവര്‍ക്കും ജപ്തി നോട്ടീസ്; സിപിഎം പ്രതിരോധത്തില്‍

തൃശ്ശൂര്‍: വ്യാപക തട്ടിപ്പ് നടന്ന തൃശ്ശൂര്‍ കരുവന്നൂരിലെ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്കാത്തവര്‍ക്കും ജപ്തി നോട്ടീസ് കിട്ടി. വെറും മൂന്ന് സെന്റ് മാത്രം സ്വന്തം പേരിലുള്ള ഇരിഞ്ഞാലക്കുട സ്വദേശി രാജുവിനാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ഉടന്‍ തിരിച്ചടിയ്ക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് മാനേജരായ ബിജു കരീമിനെ വിവരം അറിയിച്ചപ്പോള്‍ സാരമില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും രാജു പറയുന്നു. സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജു പരാതി നല്‍കിയിട്ടുണ്ട്. 

ജീവിതത്തിലിന്നേ വരെ ഒരു വായ്പയെടുക്കുകയോ അപേക്ഷ നല്‍കുകയോ രാജു ചെയ്തിട്ടില്ല. ബാങ്കില്‍ ഒരു അംഗത്വത്തിന്റെ കാര്‍ഡ് മാത്രമാണ് രാജുവിനുള്ളത്. രാജുവിന്റെ പേരില്‍ ആരെങ്കിലും വായ്പയെടുത്തിട്ടുണ്ടാകാം എന്നാണ് അദ്ദേഹം കരുതുന്നത്. വ്യാജ ആധാരം വെച്ച് ആരെങ്കിലും വായ്പയെടുത്തോ എന്നും രാജുവിന് അറിയില്ല.

ബാങ്ക് തട്ടിപ്പില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎം ഭരണസമിതി അംഗങ്ങളോട് വിശദീകരണം തേടിയുണ്ട്. തട്ടിപ്പ് കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതികളെല്ലാം സിപിഎം അംഗങ്ങളാണ് എന്നതാണ് കേസിന്റെ ഗൗരവസ്വഭാവം കൂട്ടുന്നത്.

നാല് പതിറ്റാണ്ടിലേറെയായി സിപിഎം ഭരിക്കുന്ന സഹകരണബാങ്കാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആറ് ഭരണസമിതി അംഗങ്ങളില്‍ നിന്ന് വിശദീകരണവും തേടി.