• 21 Sep 2021
  • 05: 01 PM
Latest News arrow

''കൊവിഡ് വാക്‌സിനെടുത്തവര്‍ ബാഹുബലിയായി മാറും''; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബാഹുവില്‍ (കയ്യില്‍) വാക്‌സിനെടുക്കുന്നവര്‍ 'ബാഹുബലി'യായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 40 കോടിയിലധികം ആളുകള്‍ ബാഹുബലിയായി മാറിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

''ബാഹുവില്‍ വാക്‌സിനെടുക്കുന്നവര്‍ 'ബാഹുബലി'യാകും. കൊവിഡിനെതിരായ യുദ്ധത്തില്‍ രാജ്യത്ത് 40 കോടിയിലേറെപ്പേര്‍ ഇങ്ങിനെ 'ബാഹുബലി'യായി മാറിയിട്ടുണ്ട്. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്താകെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാര്‍ലമെന്റില്‍ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം.'' മോദി പറഞ്ഞു.

''ഏറ്റവും രൂക്ഷമായ, മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും പറയാനുള്ളത്. എന്നാല്‍ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍ക്കാരിന് മറുപടി പറയാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും. ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയക്കും.'' പ്രധാനമന്ത്രി പറഞ്ഞു.