കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന; ബ്രസീലിനെ തകര്‍ത്തു

മാരക്കാന: ആവേശപ്പോരാട്ടത്തിനൊടുവില്‍ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് അര്‍ജന്റീന കിരീടം ചൂടുന്നത്. 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് വിജയം. 1993 ന് ശേഷമുള്ള അര്‍ജന്റീനയുടെ വിജയം കൂടിയാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.
അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ സ്വപ്നവും ഇതോടെ യാഥാര്‍ത്ഥ്യമായി. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും കഴിഞ്ഞു. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവും വിജയത്തില്‍ നിര്‍ണായകമായി.
ആദ്യത്തെ പതിനഞ്ച് മിനിറ്റില്‍ പരുക്കന്‍ കളിയാണ് ഇരുവരും പുറത്തെടുത്തത്. നിരവധി ഫൗളുകള്‍ ഈ സമയത്തുണ്ടായി. മത്സരത്തിന്റെ നിയന്ത്രണം ആദ്യം ബ്രസീലിന്റെ പാദങ്ങളിലായിരുന്നു. പിന്നീട് അര്‍ജന്റീന മെല്ല താളം കണ്ടെത്തി. 22-ാം മിനിറ്റില്‍ ലീഡ് നേടുകയും ചെയ്തു. റോഡ്രിഡോ ഡി പോള്‍ നീട്ടി നല്കിയ ഒരു പാസില്‍ നിന്നായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേയ്ക്ക് പോവുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കിയതോടെ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് ജീവന് വെച്ചു. 52-ാം മിനിറ്റില്‍ റിച്ചാര്ലിസണ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. 87-ാം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ