• 21 Sep 2021
  • 04: 27 PM
Latest News arrow

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: ഇന്നും രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 102.55 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 96.22 രൂപയും. കൊച്ചിയില്‍ പെട്രോളിന് 100.77 രൂപയും ഡീസലിന് 94.55 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. 

അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ധനവില വര്‍ധനവിനെതിരെ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കര്‍ഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുമ്പില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധം.