• 21 Sep 2021
  • 04: 06 PM
Latest News arrow

പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ന്യുമോണിയ ബാധിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ഇന്ന് വൈകിട്ട് പൂവച്ചല്‍ കുഴിയാംകൊണം ജമാ അത്ത് പളളിയില്‍. ഭാര്യ ആമിന, മക്കള്‍- തുഷാര, പ്രസൂന.

മുന്നൂറിലേറെ സിനിമകളില്‍ 1200 ലേറെ പാട്ടുകളെഴുതിയിട്ടുണ്ട്. 'നാഥാ നീ വരും, കാലൊച്ച കേട്ടെന്‍', 'ഏതോ ജന്‍മ കല്‍പ്പനയില്‍', 'ശര റാന്തല്‍ തിരി താഴും, പൂ മാനമേ', തുടങ്ങി മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ പൂവച്ചല്‍ ഖാദര്‍ രചിച്ചു. 

1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ വലപ്പാട് പോളിടെക്‌നിക്കില്‍ നിന്ന് എഞ്ചിനീയറിങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് എഎംഐഇയും പാസായി. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു. 1972-ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നു. പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ രചിച്ചു.

ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടക്കലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി. 70-80 കാലഘട്ടത്തില്‍ സിനിമാരംഗത്ത് നിറ സാന്നിധ്യമായിരുന്ന ഖാദര്‍ കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി, ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു.