• 01 Oct 2023
  • 06: 58 AM
Latest News arrow

മരക്കാര്‍ പ്രദര്‍ശനത്തിനെത്തുന്നു; ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക്

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു. 2021 ഓഗസ്റ്റ് 12ന് ഓണം റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കൊവിഡ് പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലേറെയായി റിലീസ് മാറ്റി വെച്ചിരുന്ന ചിത്രമാണ് മരക്കാര്‍. 

സ്‌നേഹത്തോട, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന് ഓണം റിലീസായി ''മരക്കാര്‍ അറബിക്കടലിന്റെ സിംഹം'' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്... അതിന് നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു... റിലീസ് തിയതി പുറത്ത് വിട്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇത്തവണത്തെ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രമാണ് മരക്കാര്‍. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍ സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

പ്രശസ്ത കലാസംവിധായകന്‍ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി സെറ്റൊരുക്കിയിരിക്കുന്നത്. റോണി റാഫേലാണ് മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന വിഖ്യാതിയുമായി വരുന്ന മരയ്ക്കാറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.