• 08 Aug 2022
  • 06: 01 AM
Latest News arrow

കൊറോണ വൈറസ് ചൈനീസ് സൃഷ്ടി? ദുരൂഹതകള്‍ ഏറെ

കൊവിഡ് മഹാമാരിയെ തോല്‍പ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. ഇതുവരെ 38 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. നിരവധി രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. എന്തുകൊണ്ടാണ് നമ്മള്‍ ഈ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വന്നത്?

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്. വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് അവിചാരിതമായി പകര്‍ന്നു കിട്ടിയതാണ് വൈറസ് എന്നായിരുന്നു ലഭ്യമായ വിവരം. വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസ്, വന്യമൃഗങ്ങളെ മാംസാവശ്യത്ിതന് വില്‍ക്കുന്ന ചന്തയില്‍ നിന്ന് മനുഷ്യരിലേക്കെത്തി എന്ന് ചൈന പറഞ്ഞു. വുഹാനിലെ പ്രശസ്ത മാംസ-കടല്‍വിഭവ മാര്‍ക്കറ്റായ ഹുനാനിലെ കച്ചവടക്കാരിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത്. വവ്വാലുകളെയും പാമ്പുകളെയുമൊക്കെ വില്‍ക്കുന്ന ചന്തകള്‍ ചൈനയില്‍ വ്യാപകമാണ്. സാര്‍സ്, മെര്‍സ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളില്‍ നിന്നാണ് പടര്‍ന്നത്. കേരളത്തില്‍ നിപ്പ വൈറസ് പരത്തിയതും വവ്വാലാണെന്നാണ് നിഗമനം.

എന്നാല്‍ ചൈനയിലെ ഏറ്റവും പ്രശസ്തമായ ഗവേഷണ സ്ഥാപനമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചൈനയിലായിരുന്നു. അപകടകരമായ കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പേര് കേട്ട സ്ഥാപനമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.

ചൈനയുടെ വവ്വാല്‍ സിദ്ധാന്തത്തെ യുഎസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണ്‍ തള്ളിക്കളഞ്ഞ് ആദ്യമായി രംഗത്തെത്തി. വുഹാന്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ യുഎസ് ബയോസേഫ്ടി വിദഗ്ധര്‍ വുഹാന്‍ ലാബ് വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. 2020 ജനുവരിയില്‍ പ്രശസ്ത സയന്‍സ് ജേര്‍ണലായ ലാന്‍സെറ്റില്‍ വൈറസ് ബാധയെക്കുറിച്ച് ചൈനീസ് ഗവേഷകരുടേതായി വന്ന ആദ്യ ലേഖനത്തില്‍ ചികിത്സയിലിരിക്കുന്ന 41 പേരില്‍ 13 പേര്‍ക്കും വുഹാനിലെ ചന്തയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. സാര്‍സ് കൊറോണ 2 വൈറസ് ആദ്യം സ്ഥിരീകരിച്ച വ്യക്തിക്കും മാര്‍ക്കറ്റുമായി ബന്ധമില്ലായിരുന്നു. 

എന്നാല്‍ വുഹാനില്‍ പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസ്, ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്നായിരുന്നു ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോവ് വാദിച്ചത്. പക്ഷേ, അദ്ദേഹത്തിന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. 

ചൈനയാണ് കൊറോണ വൈറസുകള്‍ക്ക് പിന്നിലെന്ന പ്രചാരണം ചൈന വിരുദ്ധതയ്ക്ക് പേര് കേട്ട ഡോണള്‍ഡ് ട്രംപ് ഏറ്റെടുത്തത് ബെയ്ജിങ്ങിന് ഗുണമായി. ചൈനീസ് വിരുദ്ധര്‍ കെട്ടിച്ചമച്ച കഥയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്കായി. ഇതിനായി പ്രമുഖ മാധ്യമങ്ങളെയും ശാസ്ത്രഗവേഷകരെയുമെല്ലാം രംഗത്തിറക്കി. ലോകപ്രശസ്ത ശാസ്ത്രജ്ഞര്‍ തന്നെ ചൈനയുടെ വക്താക്കളായി രംഗത്തെത്തിയതോടെ മറുവാദം പൊളിഞ്ഞു. പക്ഷേ, കൊറോണ വൈറസ് ബാധ ചൈനാ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേ ലോകത്തിന് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി സംശയങ്ങള്‍ അവശേഷിപ്പിച്ചു. 

കൊറോണ വൈറസിന്റെ ഉത്ഭവം വന്യമൃഗങ്ങളില്‍ നിന്നാണെന്ന ചൈനീസ് വാദം പൂര്‍ണമായും വിശ്വസിക്കാമെന്ന് 27 പ്രശസ്ത ശാസ്ത്ജ്ഞര്‍ ഒപ്പിട്ട പ്രസ്താവനയുമായി ലോകത്തിലേറ്റവും ആധികാരികമായ ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റ് രംഗത്തുവന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷക ഷി ഷെങ്‌ലിയുടെ അഭിമുഖം സയന്‍സ് മാഗസിനും പ്രസിദ്ധീകരിച്ചു. വൈറസ് ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ലീ ആണയിട്ടു. ഡോണാള്‍ഡ് ട്രംപ് ചൈനയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സംശയാലുക്കളുടെ വായടഞ്ഞു.

കാര്‍പാത്യന്‍ മലനിരകളിലെ വവ്വാലുകളെ പഴിച്ച് ലോകം മുന്നോട്ടുപോയി. വൈറസ് വാഹകനായ വവ്വാലിനെ കണ്ടെത്താനുള്ള ശ്രമം ഗവേഷകര്‍ തുടര്‍ന്നു. എന്നാല്‍ ഇതുവരെ കൊറോണ വൈറസിനോട് സാമ്യമുള്ള വൈറസിനെ പോലും വഹിക്കുന്ന വവ്വാലിനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അതിനിടെ മറ്റൊരു വിവരം പുറത്തുവന്നു. ലാന്‍സെറ്റിലെ ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പീറ്റര്‍ ഡസാഖ് എന്ന അമേരിക്കന്‍ വൈറോളജിസ്റ്റായിരുന്നു. ഡസാഖിന്റെ എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സ്ഥാപനമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്ക് പ്രധാന സാമ്പത്തിക സഹായം നല്‍കുന്നത്. 20 വര്‍ഷത്തിലേറെയായി വൈറസുകളുടെ ജനിതകഘടനയില്‍ മാറ്റം വരുത്തി നടത്തുന്ന അങ്ങേയറ്റം അപകടരമായ പരീക്ഷണങ്ങളാണ് ഡസാഖിനെപ്പോലുള്ളവര്‍ നടത്തി വരുന്നത്. 

ശാസ്ത്രലോകം വവ്വാല്‍ വനിതയെന്ന് വിളിക്കുന്ന ശാസ്ത്രജ്ഞയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പ്രധാന ശാസ്ത്രജ്ഞയായ ഷി ഴെഹ് ലി. 2002ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട ശേഷം അമേരിക്കയിലെ നോര്‍ത്ത് കാരലൈന സര്‍വ്വകലാശാലയിലെ ഗവേഷകന്‍ റാല്‍ഫ് എസ് ബാറിക്കിനൊപ്പം വിവിധതരം കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ഷി.

കൊറോണ വൈറസുകള്‍ മനുഷ്യകോശങ്ങളെ എങ്ങിനെ ബാധിക്കും എന്ന അപകടകരമായ ഗവേഷണമായിരുന്നു ഷി നടത്തിയിരുന്നത്. തുടര്‍ന്ന് ചൈനയിലെത്തിയ ഷി ഴെങ് ലീ വുഹാനിലെ ലാബില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. യുഎസ് ആരോഗ്യവകുപ്പിന്റെ സാമ്പത്തിക സഹായം ഷിയ്ക്കുണ്ടായിരുന്നു. ഈ ഫണ്ടിന്റെ ഇടനിലക്കാരനായിരുന്നു ലാന്‍സെറ്റ് ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഡസാഖ്. 

ഇതിന് മുമ്പും പരീക്ഷണശാലകളില്‍ നിന്ന് വൈറസ് മഹാമാരികളും പകര്‍ച്ചവ്യാധികളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 1960കളിലും 70കളിലും വസൂരി വൈറസുകള്‍ ഇംഗ്ലണ്ടിലെ ലാബുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. സാര്‍സ് 1 വൈറസുകള്‍ സിംഗപ്പൂരിലെയും തായ്‌വാനിലെയും ചൈനയിലെയും ലാബുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. 

വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയ സാര്‍സ് 1, മെര്‍സ് എന്നിവ പ്രകൃതിയില്‍ തന്നെ അവയുടെ ഉത്ഭവം സംബന്ധിച്ച തെളിവുകള്‍ അവശേഷിപ്പിച്ചിരുന്നു. സാര്‍സ് രോഗത്തിന് കാരണമായ വൈറസ് വാഹകനായ മൃഗത്തെ നാല് മാസത്തിനുള്ളില്‍ തിരിച്ചറിഞ്ഞു. മെര്‍സ് രോഗത്തിന് കാരണക്കാരായ കൊറോണ വൈറസ് ഒട്ടകങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തിയതെന്ന് 9 മാസം കൊണ്ട് കണ്ടെത്തി. പക്ഷേ, ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും കൊറോണ വൈറസിന്റെ സ്വാഭാവിക ഉറവിടത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കൊറോണ വൈറസിനോട് സാമ്യമുള്ള വൈറസിനെ കണ്ടെത്തിയത് യുനാന്‍ പ്രവിശ്യയിലെ ഗുഹകളില്‍ ജീവിക്കുന്ന വവ്വാലുകളിലാണ്. ഈ വവ്വാലുകള്‍ സഞ്ചരിക്കുന്ന പരമാവധി ദൂരം 50 കിലോമീറ്ററാണ്. കൊവിഡ് ആദ്യം കണ്ടെത്തിയതാകട്ടെ 1500 കിലോമീറ്റര്‍ അകലെയുള്ള വുഹാനിലും. രോഗം സ്ഥിരീകരിച്ച സെപ്തംബര്‍ മാസം വവ്വാലുകളുടെ ശീതകാല നിദ്രയുടെ സമയവുമാണ്. ഇനി വവ്വാലുകളില്‍ നിന്ന് വന്യമൃഗത്തിലേക്ക് പടര്‍ന്ന്, ആ വന്യമൃഗം വുഹാനിലെത്തിയതാണെന്ന വാദം. അങ്ങിനെയാണെങ്കില്‍ വഴിയില്‍ നിരവധി മൃഗങ്ങള്‍ക്ക് വൈറസ് പകര്‍ന്ന് കിട്ടണം. അങ്ങിനെയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.