• 21 Sep 2021
  • 04: 46 PM
Latest News arrow

മുട്ടിലെ മരംമുറി നിയമവിരുദ്ധമാകുന്നത് എങ്ങിനെ?

വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെട്ട മുട്ടില്‍ സൗത്ത് വില്ലേജില്‍ ആദിവാസികള്‍ക്ക് ഉള്‍പ്പെടെ പതിച്ചു നല്‍കിയ ഭൂമിയിലെ ഈട്ടി മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തിയതാണ് വലിയ വിവാദമായിരിക്കുന്നത്. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം മുറിക്കാമെന്ന 2020 ഒക്ടോബറിലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിലായിരുന്നു മരംമുറി. ഈ ഉത്തരവ് തന്നെ നിയമവിരുദ്ധമായിരുന്നു. ഇത് കഴിഞ്ഞ ഫെബ്രുവരിയില്‍ പിന്‍വലിച്ചു. 

1964ലെ കേരള ഭൂപതിവ് ചട്ട പ്രകാരം ഭൂമി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയാലും അവിടെയുള്ള ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെട്ട ചന്ദനം, തേക്ക്, ഈട്ടി, എബണി എന്നീ മരങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. പട്ടയ ഉടമകള്‍ക്ക് മുറിക്കാനോ വില്ക്കാനോ അവകാശമില്ല. സര്‍ക്കാരിന് വില അടച്ചും സ്വന്തമാക്കാനാവില്ല. ഇതില്‍ ഇളവ് വേണമെന്ന് ഏറെക്കാലമായി കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും പട്ടയ ഭൂമിയില്‍ കിളിര്‍ത്ത് വന്നതുമായ മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ സര്‍ക്കാരും ഇതിന് അനുകൂല നിലപാട് സ്വീകരിച്ചു. 

എന്നാല്‍ ആവശ്യം നിയമപരമായി നടപ്പാക്കണമെങ്കില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. നിയമം നിലനില്‍ക്കെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അതിനെ മറികടക്കാനാകില്ല. പക്ഷേ, നിയമഭേദഗതിയ്ക്ക് മുതിരാതെ ആവശ്യം അംഗീകരിച്ചുള്ള നിയമവിരുദ്ധമായ ഉത്തരവ് ഇറക്കിയതാണ് പ്രശ്‌നമായത്. 

ആദ്യം റവന്യൂ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഇതില്‍ അവ്യക്തതയുണ്ടെന്ന് പരാതി ഉയര്‍ന്നതോടെയാണ് ഉത്തരവായിറക്കിയത്. പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ വെച്ചു പിടിപ്പിച്ചതും കിളിര്‍ത്തു വന്നതും പതിച്ചു തന്ന സമയത്ത് വൃക്ഷ വില അടച്ചു റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം പട്ടയ ഉടമയ്ക്കാണെന്നും അവ അവര്‍ക്ക് മുറിയ്ക്കാമെന്നുമായിരുന്നു ഉത്തരവ്. ഇതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന വിചിത്ര നിര്‍ദേശവും ഉത്തരവില്‍ ഉള്‍പ്പെടുത്തി. ഈ ഉത്തരവ് സൗകര്യം പോലെ വ്യാഖ്യാനിച്ചാണ് മരംമുറി നടന്നത്.