• 21 Sep 2021
  • 05: 33 PM
Latest News arrow

വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായി ബുദ്ധദേവ് ദാസ്ഗുപ്ത (77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു. 

ബുദ്ധേദവിന്റെ അഞ്ച് ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കല്‍പുരുഷ് (2008) എന്നിവയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 

ഉത്തര (2000), സ്വപ്‌നെര്‍ (2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ബുദ്ധദേബിനെ തേടിയെത്തി. 1988ലും 1994ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. സ്‌പെയിന്‍ ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു. ഗൗതം ഗോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം 1980-1990 കാലഘട്ടത്തില്‍ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ഇദ്ദേഹം.