• 23 Sep 2023
  • 04: 19 AM
Latest News arrow

ഗുസ്തി ചാമ്പ്യന്‍ സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ ഇനാം

ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. റാണയുടെ കൊലപാതകക്കേസില്‍ പ്രതിയായ സുശീല്‍കുമാറിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ല. കേസിലെ മറ്റൊരു പ്രതിയായ അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് നാലിന് ന്യൂഡല്‍ഹിയിലെ ചത്രസാല്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുസ്തിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വെടിവെയ്പ്പിലുമാണ് 23 കാരനായ സാഗര്‍ റാണയ്ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെയാണ് റാണ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുശീല്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തത്. 

എന്നാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുശീല്‍ കുമാര്‍ പിന്നീട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുശീല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി രോഹിണി കോടതി ചൊവ്വാഴ്ച പരിഗണിക്കുകയാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജഗദീഷ് കുമാറാണ് വാദം കേള്‍ക്കുന്നത്. 

ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനങ്ങളില്‍ രണ്ട് ഒളിംപിക് മെഡല്‍ നേടിയ ഏക താരമാണ് സുശീല്‍ കുമാര്‍. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയുമായാണ് ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ നേടിയത്.