''സിനിമയില്‍ നിന്ന് ബോഡി ഷെയിമിങ്ങ് നേരിട്ടു; എന്നെത്തന്നെ വെറുത്തു, ഒടുവില്‍''.... മെയ്ക്കോവര് രഹസ്യം പങ്കുവെച്ച് കാര്‍ത്തിക

കാര്‍ത്തിക മുരളീധരന്, സിഐഎ എന്ന തന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി. തൊട്ടടുത്ത ചിത്രം അങ്കിള്‍. അതില്‍ മമ്മൂട്ടിയ്ക്കൊപ്പം. സിനിമയില്‍ ഗംഭീരമായ പ്രവേശനം ലഭിച്ച കാര്‍ത്തിക മുരളീധരന് തന്റെ മെയ്ക്കോവര് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സിനിമയിലെത്തിയപ്പോള്‍ താന്‍ കടുത്ത ബോഡി ഷെയിമിങ്ങിന് വിധേയയായെന്നും സ്വന്തം ശരീരത്തെ വെറുത്തുപോയെന്നും കാര്‍ത്തിക പറയുന്നു. ശരീരവും മനസ്സും തമ്മിലുള്ള നിരന്തര യുദ്ധത്തിനൊടുവില്‍ താന്‍ തന്നെത്തന്നെ മനസ്സിലാക്കിയതാണ് തന്റെ മെയ്ക്കോവറിന് കാരണമെന്ന് കാര്‍ത്തിക വ്യക്തമാക്കുന്നു.
''ഞാന്‍ ഒരു കൊച്ചു പെണ്‍കുട്ടിയായപ്പോള്‍ മുതല്‍ തടിച്ചിട്ടായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്നത് മുതലാണ് ഇക്കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്. അന്ന് മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ എനിക്ക് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നു. സ്കൂളില്‍ നിന്ന് മാത്രമല്ല, സുഹൃത്തുക്കളുടെ ഇടയില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം പരിഹാസം തുടര്‍ന്നതോടെ വിചിത്രമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. ഞാന്‍ എന്നെത്തന്നെ കളിയാക്കാന്‍ തുടങ്ങി, വെറുക്കാന്‍ തുടങ്ങി. ഞാന്‍ എനിക്കെതിരായി തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ തടിച്ചു.
പിന്നീട് അനാരോഗ്യകരമായ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്ക് പേരുകേട്ട ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ചേര്‍ന്നതോടെ എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് ഫാറ്റ് ഷെയിമിങ്ങും സെക്ഷ്വലൈസേഷനും വര്‍ധിച്ചു. എന്റെ മനസ്സും ശരീരവും തമ്മില്‍ നിരന്തരമായ യുദ്ധത്തിലായി. ഇതെന്നെ വളരെ ക്ഷീണിപ്പിച്ചു. എന്നെ ഞാനായിരിക്കുന്ന രീതിയില്‍ അംഗീകരിക്കണമെന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് എന്നെത്തന്നെ അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ ലോ കാര്‍ബ്, കീറ്റോ, ജ്യൂസ് ഇങ് എന്നിങ്ങനെ കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും ഞാന്‍ പരിശീലിച്ചു.
എന്നാല്‍ ഒന്നും ശരിയായില്ല. കാരണം ഞാന്‍ എന്റെ ശരീരത്തെ വെറുക്കുകയായിരുന്നു. ആ വെറുപ്പ് കാരണമാണ് ഇത്തരം വ്യായാമമുറകള്‍ ഞാന്‍ പരിശീലിച്ചത്. നിലവിലെ ആരോഗ്യവും സൗന്ദര്യവുമുള്ള എന്നെ മറന്ന് മറ്റെന്തോ ആയിത്തീരാനായിരുന്നു എന്റെ ശ്രമം.
അതില്‍ നിന്ന് ഒരു മാറ്റം എനിക്ക് ആവശ്യമായിരുന്നു. എനിക്ക് ചുറ്റുമുള്ള അനാവശ്യവും അനാരോഗ്യകരവുമായ മാനദണ്ഡങ്ങളും ഡയലോഗുകളും എനിക്ക് മാറ്റിസ്ഥാപിക്കണമായിരുന്നു. ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ യഥാര്‍ത്ഥ പതിപ്പാകാന്‍ ഞാന്‍ ആഗ്രഹിച്ചു.
അങ്ങിനെ യാദൃശ്ചിതമായി ഞാന്‍ യോഗ അഭ്യസിച്ചു തുടങ്ങി. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ അതെന്റെ ഭക്ഷണം കഴിക്കുന്ന രീതിയില്‍ മാറ്റം വരുത്തി, എന്റെ ശരീരത്തോടും എന്നോട് തന്നെയും ആദരവ് ഉണ്ടാക്കി, നിര്‍ഭയത്വവും ശക്തിയും എന്നില്‍ ഉണര്‍ത്തി. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും നല്ലത് പോലെ സംരക്ഷിച്ചാല്‍ അത് ഉല്‍പ്പാദിപ്പിക്കുന്ന ശക്തി അനിയന്ത്രിതമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു യന്ത്രം എന്നതിലുപരി, നമ്മള് കൊടുക്കുന്നതെല്ലാം സ്വീകരിച്ച് പത്തിരട്ടിയായി തിരിച്ചുതരുന്ന ഒരു അതിശയിപ്പിക്കുന്ന സംവിധാനമാണതെന്ന് ഞാന്‍ മസ്സിലാക്കി.'' കാര്‍ത്തിക കുറിയ്ക്കുന്നു.