• 21 Sep 2021
  • 04: 48 PM
Latest News arrow

കൈവിട്ട് പോകുന്ന കൊവിഡ് രണ്ടാം തരംഗം; പിഴച്ചതെവിടെ?

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംതരംഗത്തിന്റെ ശക്തിയും വ്യാപ്തിയും അതിവേഗം വര്‍ധിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം 10,000ത്തിലേക്ക് കടന്നിരിക്കുന്നു. രോഗികള്‍ പ്രാണവായുവിനായി പിടയുന്ന കാഴ്ചകളാണ് ഈ സാഹചര്യത്തെ ഭീതിജനകമാക്കുന്നത്. ആശുപത്രികളില്‍ രോഗികളുടെ ബാഹുല്യം കാരണം കിടക്കകള്‍ പോലും ലഭ്യമാകാത്ത സ്ഥിതി. പലര്‍ക്കും ആംബുലന്‍സില്‍ തന്നെ കഴിയേണ്ടതായി വരുന്നു. മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമവും നേരിടുന്നു. കൊവിഡ് രോഗം ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്ന തലത്തിലേക്ക് കടന്നതോടെയാണ് സ്ഥിതിഗതികള്‍ ഗുരുതരമായത്. 

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ്മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. 20 സംസ്ഥാനങ്ങള്‍ക്ക് 6786 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിച്ചെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവകാശപ്പെട്ടിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനത്ത് പോലും മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാക്കനിയാവുന്നു. ഒരു സാധാരണ രോഗിക്ക് ഓരോ മിനിറ്റിലും അഞ്ച് മുതല്‍ ആറ് ലിറ്റര്‍ വരെയും കൊവിഡ് രോഗികള്‍ക്ക് 60 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ആവശ്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അശ്രദ്ധയാണ് സ്ഥിതി ഇത്രയും മോശമാക്കിയതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കൊവിഡിന്റെ ഒന്നാം തരംഗത്തെ വിജയകരമായി കീഴടക്കിയെന്നും പ്രതിരോധ വാക്‌സിന്‍ രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ചെന്നും പ്രചരിപ്പിക്കുന്നതിനിടയില്‍ രണ്ടാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഒന്നും എടുത്തില്ല.   

കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വര്‍ധിച്ചെങ്കിലും ബാക്കിയിടങ്ങളില്‍ സെപ്തംബറോടെ രോഗം കുറഞ്ഞു തുടങ്ങിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളുണ്ടായി. മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് വകഭേദത്തിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ രോഗത്തെ തുടച്ചുനീക്കിയെന്ന സമീപനത്തിലായി രാജ്യം. തുടര്‍ന്ന് അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും കുംഭമേള ഉള്‍പ്പെടെ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കും വഴിയൊരുങ്ങി. 

ഫെബ്രുവരി 26-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറി. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മാര്‍ച്ച് രണ്ടാം വാരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും റാലുകളുമായി പ്രചാരണം പുരോഗമിക്കുന്നതിനിടയില്‍ കൊവിഡ് വ്യാപനം ശക്തമായത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അഞ്ചുവട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ ജനക്കൂട്ടങ്ങളാണ് പങ്കെടുത്തത്. കൊവിഡ് വ്യാപനത്തിന് തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ആരോഗ്യവിദഗ്ധര്‍ അത് അംഗീകരിക്കുന്നില്ല.