• 23 Sep 2023
  • 03: 36 AM
Latest News arrow

സഞ്ജുവിന്റെ സെഞ്ചുറി പ്രയോജനപ്പെട്ടില്ല; രാജസ്ഥാന് നാല് റണ്‍സ് അകലെ തോല്‍വി

ത്രില്ലര്‍ പോരാട്ടത്തില്‍ സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സിനോട് പൊരുതിത്തോറ്റു. 222 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക്, സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുമ്പില്‍ നിന്ന് നയിച്ചെങ്കിലും വിജയത്തിന് നാല് റണ്‍സ് അകലെ രാജസ്ഥാന്‍ വീണു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ ബൗണ്ടറി ലൈനിനിരിക്കെ സഞ്ജുവിന്റെ ഷോട്ട് ദീപക് ഹൂഡ കൈകളിലൊതുക്കി. 

63 പന്തില്‍ 119 റണ്‍സ്. ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ മാസ് എന്‍ട്രി കണ്ടെങ്കിലും വിജയലക്ഷ്യത്തിന് തൊട്ടരികെ രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണു. അവസാന രണ്ട് പന്തില്‍ രാജസ്ഥാനെ ജയിക്കാന്‍ അഞ്ച് റണ്‍സ്. സിംഗിളെടുത്ത് ക്രിസ് മോറിസിന് സ്‌ട്രൈക്ക് മാറാന്‍ കൂട്ടാക്കാതെ സഞ്ജു അവസാന പന്ത് നേരിട്ടെങ്കിലും അതുവരെ കൂടെയുണ്ടായിരുന്ന ഭാഗ്യം ഒപ്പം നിന്നില്ല. 12 റണ്‍സിലും 35 റണ്‍സിലും നില്‍ക്കെ പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നല്‍കിയ ജീവനുമായിരുന്നു. സഞ്ജുവിന്റെ കുതിപ്പ്. 54 പന്തില്‍ നിന്ന് ഐപിഎല്ലിലെ മൂന്നാം സെഞ്ചുറി.

ഒരറ്റത്ത് രാജസ്ഥാന്റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോഴും സഞ്ജു ക്ഷമയോടെ ബാറ്റുവീശി. 33 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി. സെഞ്ചുറിയിലേക്ക് പിന്നീട് വേണ്ടി വന്നത്. വെറും 21 പന്ത്. 7 സിക്‌റും 12 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. മത്സര ശേഷം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞതുപോലെ സഞ്ജുവിന്റെ ഈ ഇന്നിങ്‌സ് വിജയം അര്‍ഹിച്ചിരുന്നു. 91 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെയും 28 പന്തില്‍ നിന്ന് 64 റണ്‍സെടുത്താണ് ഹൂഡയുടെയും മികവിലാണ് പഞ്ചാബ് കിങ്‌സ് 221 റണ്‍സെടുത്തത്.