• 19 Apr 2021
  • 06: 20 PM
Latest News arrow

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് വ്യാപക സംഘര്‍ഷം; കളക്ടര്‍ സമാധാന യോഗം വിളിച്ചു

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കളക്ടര്‍ സമാധാന യോഗം വിളിച്ചു. രാവിലെ പതിനൊന്ന് മണിയ്ക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. മന്‍സൂറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. 

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചു. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മോന്താലില്‍ നിന്ന് പുറപ്പെട്ട ശേഷം രാത്രി എട്ടോടെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.

ബാവാച്ചി റോഡിലെ സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിന് സമീപത്തെ ആച്ചുമുക്ക് ഓഫീസും തകര്‍ത്തശേഷം തീയിട്ടു. ഡിവൈഎഫ്‌ഐ പെരിങ്ങളം മേഖലാ ഖജാന്‍ജി കെപി ശുഹൈലിന്റെ വീടിന് നേരെയും അക്രമണമുണ്ടായി. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. രക്തസാക്ഷി മണ്ഡപവും സിപിഎം കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തും.