• 19 Apr 2021
  • 05: 00 PM
Latest News arrow

''മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെയ്ക്കും, ഉറപ്പ്''; പിടിയിലായ സിപിഎം പ്രവര്‍ത്തകന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പൊലീസ് പിടിയിലായ സിപിഎം പ്രവര്‍ത്തകന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് പുറത്ത് വന്നു. ''മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെയ്ക്കും, ഉറപ്പ്'' എന്നാണ് പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇയാള്‍ ഈ സ്റ്റാറ്റസ് ഇട്ടത്.

അതേസമയം മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചു. 'രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുമ്പില്‍ വെച്ച് മന്‍സൂറിന് നേരെ ബോംബ് എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെല്ലാം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്. അക്രമി സംഘത്തില്‍ 20ലധികം പേരുണ്ടായിരുന്നു. ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണ്.'' നജാഫ് മാധ്യമങ്ങളോട് പറഞ്ഞു.