• 19 Apr 2021
  • 06: 30 PM
Latest News arrow

കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 

വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി 7.30 ഓടെ വീണ്ടും സംഘര്‍ഷമുണ്ടായി. മന്‍സൂറിന്റെ വീടിന് മുമ്പില്‍ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരനെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു. 

മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

വോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു.