• 19 Apr 2021
  • 07: 00 PM
Latest News arrow

മമ്മൂട്ടിയ്‌ക്കെന്താ കൊമ്പുണ്ടോ? മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ബിജെപിയ്ക്ക് പ്രതിഷേധം

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് മാധ്യമപ്രവര്‍ത്തകര് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ പ്രതിഷേധിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ആരോപണം. മമ്മൂട്ടിയ്‌ക്കെന്താ കൊമ്പുണ്ടോ എന്നും ഇവര്‍ ചോദിച്ചു.

ഇവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് മാധ്യമപ്രവര്‍ത്തകരെ ബൂത്തില്‍ നിന്നും പുറത്താക്കിയതോടെ വാക്കേറ്റമുണ്ടായി. മമ്മൂട്ടി വോട്ട് ചെയ്യുന്ന സമയത്ത് ബൂത്തില്‍ മറ്റ് വോട്ടര്‍മാരുണ്ടായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. 

അതേസമയം പ്രതിഷേധത്തിനിടെ മമ്മൂട്ടി വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്‌തെന്നും കൊവിഡ് ആയതിനാല്‍ എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര മണ്ഡലത്തില്‍ പൊന്നുരുന്നി സിഎല്‍പി സ്‌കൂളിലായിരുന്നു മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ട്.