• 19 Apr 2021
  • 06: 58 PM
Latest News arrow

രാഹുല്‍ ഓട്ടോ പിടിച്ച് കടപ്പുറത്തേയ്ക്ക്; വലിയ സുരക്ഷാ വീഴ്ച

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. നിശ്ചയിച്ച സ്ഥാനത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. പിന്നീട് ഓട്ടോറിക്ഷയിലാണ് രാഹുല്‍ ഗാന്ധി ലക്ഷ്യസ്ഥാനത്തേയ്‌ക്കെത്തിയത്. 

വയനാട്ടിലെ പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ഓട്ടോയില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ഓട്ടോ സവാരി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇത് മൂലം അര മണിക്കൂറോളമാണ് സുരക്ഷാ സേന വെട്ടിലായത്.

വയനാട്ടില്‍ നിന്നും വരുമ്പോള്‍ കടപ്പുറത്തെ ഹെലിപ്പാഡില്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇറങ്ങിയതാകട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലും. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കു്‌ന കേന്ദ്രമായതുകൊണ്ട് അവിടെയുണ്ടായിരുന്ന നടക്കാവ് പൊലീസ് സംഘം ഉടന്‍ ഇടപെട്ടു.

പൊലീസിനോട് രാഹുല്‍ ഗാന്ധി ഏതെങ്കിലും വാഹനം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷ പരിഗണിച്ച് പൊലീസുകാര്‍ കമ്മീഷണറുമായി ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് രാഹുല്‍ ഗാന്ധി റോഡിലേക്കിറങ്ങി തൊട്ടടുത്ത് കണ്ട് ഓട്ടോ വിളിച്ച് കടപ്പുറത്തേയ്ക്ക് പോയി.

പൊലീസ് അപ്പോഴേയ്ക്കും രാഹുലിന്റെ സുരക്ഷാ സേനയെ വിവരമറിയിച്ചിരുന്നു. അവര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. വഴി മധ്യേ രാഹുലിനെ കണ്ടുമുട്ടി. ഇതോടെയാണ് പിരിമുറുക്കം അയഞ്ഞത്. നേരത്തെ നിശ്ചയിച്ച കോളേജ് ഗ്രൗണ്ടില്‍ രാഹുലിന് ഇറങ്ങാന്‍ ശനിയാഴ്ച വൈകിട്ട് കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപ്പാഡ്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയതോടെയാണ് ഹെലിക്കോപ്റ്റര്‍ ആദ്യം നിശ്ചയിച്ച സ്ഥലത്ത് ഇറങ്ങിയതും ഇത്ര വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതും.