• 19 Apr 2021
  • 05: 49 PM
Latest News arrow

''ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പുരസ്‌കാരം സമര്‍പ്പിക്കുന്നു''; രജനീകാന്ത്

ദാദാസാഹിബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനീകാന്ത്. പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും താരം നന്ദി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും രജനീകാന്ത് പറയുന്നു.

തമിഴില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയ്ക്കും ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിനും ഡിഎംകെ നേതാവ് സ്റ്റാലിനും കമല്‍ ഹാസനും നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധര്‍ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ താരം അറിയിച്ചു.

അവാര്‍ഡ് നേട്ടത്തില്‍ നരേന്ദ്രമോദി രജനീകാന്തിനെ അഭിനന്ദിച്ചിരുന്നു. 'തലൈവ' എന്നായിരുന്നു നരേന്ദ്രമോദി രജനീകാന്തിനെ അഭിസംബോധന ചെയ്തത്. തലമുറകളിലുടനീളം ജനപ്രീതിയാര്‍ജ്ജിച്ച കുറച്ച് പേര്‍ക്ക് മാത്രം കഴിയുന്ന, വൈവിധ്യമാര്‍ന്ന വേഷങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും അതാണ് ശ്രീ രജനീകാന്ത് എന്ന് മോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. 50 വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനീകാന്തിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ഭോസ്ലെ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് രജനീകാന്തിനെ തെരഞ്ഞെടുത്തത്.