• 19 Apr 2021
  • 07: 06 PM
Latest News arrow

1600 കോടിയുടെ വികസന പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 1600 കോടി രൂപ മുതല്‍ മുടക്കോടെ ആഗോള വികസനപദ്ധതി. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ 56 ഷോറൂമുകള്‍ ആരംഭിക്കും. 40 എണ്ണം ഇന്ത്യയിലും 16 എണ്ണം വിദേശ രാജ്യങ്ങളിലും. ഇതിലൂടെ പുതിയതായി 2000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്ത് സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ഇതില്‍ 12 എണ്ണം മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും. നിലവില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 10 രാജ്യങ്ങളിലായി 270ല്‍ ഏറെ ഷോറൂമുകളുണ്ട്. 

സുതാര്യതയും ഉപഭോക്താക്കളുടെ വിശ്വാസവും അടിസ്ഥാനമാക്കിയാണ് മലബാര്‍ ഡോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വിജയപാതയിലൂടെ മുന്നേറുന്നതെന്ന് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു. 27 വര്‍ഷം മുമ്പ് ഒരു ചെറിയ ജ്വല്ലറിയില്‍ നിന്നാരംഭിച്ച മലബാറിനെ രാജ്യാന്തതലത്തില്‍ ഒന്നാംകിട ബ്രാന്‍ഡ് ആക്കി മാറ്റിയത് ഇത് രണ്ടുമാണ്. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തില്‍ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്ത ജ്വല്ലറി ഗ്രൂപ്പായി മാറുകയാണ് ആഗോള വികസനപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉണ്ടായിട്ടും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ 2020ല്‍ 16 ഷോറൂമുകള്‍ ആരംഭിച്ചിരുന്നു. 

സമൂഹത്തെക്കൂടി മുന്നില്‍ കണ്ടുകൊണ്ടാകും മലബാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെപി അബ്ദുല്‍ സലാം പറഞ്ഞു. ഉത്തരവാദിത്ത പൂര്‍ണമായ ശേഖരണം, നൈതികമായ ബിസിനസ് രീതികള്‍, പ്രഫഷണല്‍ ഫണ്ട് മാനേജ്‌മെന്റ് എന്നിവ ഉറപ്പാക്കുകയും മികച്ച വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 20211-22 സാമ്പത്തിക വര്‍ഷത്തില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 110 കോടി രൂപ ചെലവഴിക്കും. 

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഷോറൂമുകളെല്ലാം ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനിണങ്ങുന്ന രീതിയില്‍ പുതിയതായി സംവിധാനം ചെയ്യുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു. ഗ്രാമീണ വിപണിയും രണ്ടും മൂന്നും നിലവാരത്തിലുള്ള നഗരങ്ങളിലെ വിപണിയും കൊവിഡിന് ശേഷം തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്‍പ്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെവിടെയും സ്വര്‍ണത്തിന് ഒരേ നിരക്ക് ഈടാക്കുന്ന വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയും മലബാറിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ ഷോറൂമുകള്‍ക്കൊപ്പം ആഭരണ നിര്‍മ്മാണശാലകളുടെയും എണ്ണം വര്‍ധിപ്പിക്കും. ഇതും തൊഴിലവസരങ്ങള്‍ കൂട്ടും. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ജിസിസി രാജ്യങ്ങളിലും മലബാറിന് ആഭരണ നിര്‍മാണ ശാലകളുണ്ട്.