• 19 Apr 2021
  • 06: 24 PM
Latest News arrow

ബറോസിന് ആശംസകളുമായി അമിതാഭ് ബച്ചന്‍; നന്ദിയും സ്‌നേഹവും അറിയിച്ച് മോഹന്‍ലാല്‍

മോഹലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ ആശംസകള്‍ അറിയിച്ചത്. 

''മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാകട്ടെ.'' എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി.

''സാര്‍, താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ ഞാന്‍ അത്യന്തം കൃതജ്ഞതയോടെ സ്വീകരിക്കുന്നു. നിങ്ങളുടെ ചിന്താശക്തി എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഞാന്‍ എപ്പോഴും വിലമതിക്കും. ഞാന്‍ താങ്കളോട് നന്ദി പറയുന്നു, ഒപ്പം താങ്കളോടുള്ള എന്റെ ആദരവും ബഹുമാനവും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ആശിര്‍വാദ് സിനിമാസാണ് 'ബറോസ്' നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്.