• 08 Jun 2023
  • 06: 12 PM
Latest News arrow

സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാന്‍ നാഗരത്‌ന; ചരിത്രം സൃഷ്ടിക്കപ്പെടുമോ?

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് പരിഗണിക്കപ്പെടുന്ന കര്‍ണാടക ജഡ്ജി ബിവി നാഗരത്‌നയുടെ കാര്യത്തില്‍ കൊളീജിയം അടുത്തയാഴ്ച തീരുമാനമെടുക്കും. നിയമനം ലഭിച്ചാല്‍ അത് ചരിത്രമാകും. ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന നേട്ടം നാഗരത്‌ന 2027ല്‍ കൈവരിക്കും.

ജസ്റ്റിസുമാരായ എന്‍വി രമണ, റോഹിന്‍ടണ്‍ നരിമാന്‍, യുയു ലളിത്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന കൊളീജിയമാണ് പേരുകള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിരമിച്ചാല്‍ സീനിയോറിറ്റി പ്രകാരം എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാകും സീനിയോറിറ്റി. അതിന് ശേഷം 2027ല്‍ നാഗരത്‌നയും സീനിയോറിറ്റിയില്‍ മുമ്പിലെത്തും. 

നാഗരത്‌നയുടെ പിതാവ് ഇഎസ് വെങ്കട്ടരാമയ്യ 1989ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു. അഞ്ച് ഒഴിവുകളിലേക്ക് 3 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും 2 വനിതാ ജഡ്ജിമാരുടെയും പേരാണ് ബോബ്‌ഡെ മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസം കൊളീജിയം ചേര്‍ന്നെങ്കിലും ഇതില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചീഫ് ജസ്റ്റിസ് പദവിയില്‍ 14 മാസമായ ബോബ്‌ഡെ, വിരമിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് പേരുകള്‍ ശുപാര്‍ശ ചെയ്യാനുള്ള വഴി തേടുന്നത്. 2015ല്‍ ചീഫ് ജസ്റ്റിസായിരുന്ന എച്ച്എല്‍ ദത്ത് പുതിയ നിയമന ശുപാര്‍ശകള്‍ നല്‍കാതെയാണ് വിരമിച്ചത്.