• 08 Aug 2022
  • 07: 47 AM
Latest News arrow

പഴയ മണ്ണെണ്ണ വിളക്കുകള്‍ ഇപ്പോഴും വീട്ടിലുണ്ടോ? ഒന്ന് പൊടിതട്ടിയെടുത്തേക്കൂ... പുതിയ വൈദ്യുതി നിയമം വരുന്നു

കേന്ദ്ര വൈദ്യുതി നിയമം ഭേദഗതി ചെയ്യാന്‍ പോകുന്നു. ഇതിന് വേണ്ടിയുള്ള കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്ല് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

2003ലാണ് കേന്ദ്ര വൈദ്യുതി നിയമം നിലവില്‍ വന്നത്. അതിന് ശേഷം ഇതിലെ പല വകുപ്പുകളും ഭേദഗതി ചെയ്യാനായി നാല് തവണ കരട് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഒരെണ്ണം മാത്രമാണ് നിയമമായത്. 

2003ലെ നിയമത്തിന്റെ തന്നെ ലക്ഷ്യം വൈദ്യുതി മേഖലയെ വിഭജിച്ച് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുക എന്നതായിരുന്നു. സ്വകാര്യവത്കരണം എന്ന ആ ഉദ്ദേശ്യത്തിന്റെ ഭാഗമായി പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ചു, വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട ലൈസന്‍സ് ഇല്ലാതാക്കി, ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ക്കൂടുതല്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ചു, വൈദ്യുതി വിതരണം ചെയ്യാന്‍ ഒന്നിലധികം ലൈസന്‍സികളെ അനുവദിച്ചു തുടങ്ങിയവയെല്ലാം സ്വകാര്യവത്കരണത്തിന്റെ ഭാഗമായിരുന്നു. 

വൈദ്യുതി വിതരണത്തിനായി കൂടുതല്‍ ഏജന്‍സികളെ നിയോഗിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ടായിരുന്നു. അവര്‍ മത്സരബുദ്ധിയോടെയാകും പ്രവര്‍ത്തിക്കുക. അത് ശൃംഖലകള്‍ വികസിക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും സഹായിക്കും. 

എന്നാല്‍ ഇപ്പറഞ്ഞവയെല്ലാം ലക്ഷ്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ് ഉണ്ടായത്. വിതരണമേഖലയില്‍ കാര്യമായ ഒരു മാറ്റവും വന്നില്ല. 

വൈദ്യുതി ഉല്‍പ്പാദന-പ്രസരണ-വിതരണ ശൃംഖലയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത് വിതരണ ശൃംഖലയാണ്. വിതരണ മേഖലയില്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പണത്തിലൂടെയാണ് ഉല്‍പ്പാദന-പ്രസരണ മേഖലയില്‍ മുടക്കിയ തുക തിരിച്ചുപിടിയ്ക്കുന്നത്. ഓരോ പ്രദേശത്തും വൈദ്യുതി വിതരണത്തിന് ഇപ്പോള്‍ ഒരു ഏജന്‍സിയാണുള്ളത്. അതുകൊണ്ട് അവിടെ മത്സരമില്ല. 

ഒരു പ്രദേശത്ത് പല സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വിതരണശൃംഖല സ്ഥാപിക്കാനും വിതരണം നടത്താനും കഴിയും. അതിന് നിയമമുണ്ട്. എന്നാല്‍ ആ നിയമം ഇതുവരേയ്ക്കും കാര്യമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. അതിന്‍പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വിതരണശൃംഖല സ്ഥാപിക്കേണ്ട. പകരം നിലവിലുള്ള വിതരണശൃംഖലയില്‍ നിന്നും വൈദ്യുതി വിതരണം നടത്താം. അതിന് ലൈസന്‍സും വേണ്ട.

വൈദ്യുതി വിതരണം രാജ്യത്ത് തുടങ്ങിയ കാലം മുതല്‍ക്കേ, ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ആ ചട്ടമാണ് എടുത്തുകളയാന്‍ പോകുന്നത്. ഇനി ഏത് കമ്പനിയ്ക്കും കേന്ദ്രസര്‍ക്കാര്‍ പറയുന്ന ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ച് വൈദ്യുതി വിതരണം നടത്താം. ഇതിനായി ഓരോ സംസ്ഥാനത്തിന്റെയും റെഗുലേറ്ററി കമ്മീഷന്റെ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം. ഒന്നിലധികം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിതരണശൃംഖലയാണ് ഒരു കമ്പനി തെരഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുമ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അത്രമാത്രം.

ജനങ്ങളെ സംബന്ധിച്ച് അവരുടെ പ്രദേശത്ത് വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികള്‍ വരികയാണ്. അവര്‍ക്ക് ഏത് കമ്പനിയെ വേണമെങ്കിലും തെരഞ്ഞെടുക്കാം. സ്വന്തം വീട്ടില്‍ വൈദ്യുതി എത്തിക്കുന്നത് ഒരു കമ്പനിയും അയല്‍പക്കത്തെ വീട്ടില്‍ വൈദ്യുതി എത്തിക്കുന്നത് മറ്റൊരു കമ്പനിയുമാണെങ്കിലും വൈദ്യുതിയുടെ നിലവാരം ഒന്ന് തന്നെയായിരിക്കും. അതായത് വൈദ്യുതി ലഭിക്കുന്നതിലും തടസ്സമുണ്ടാകുന്നതിലും വോള്‍ട്ടേജിലും ഫ്രീക്വന്‍സിയിലും അടക്കം ഒരു വ്യത്യാസവുമുണ്ടാകില്ല. 

എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ഒന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ലൈസന്‍സ് പോകുമെന്ന് ഭയക്കേണ്ട കാര്യമില്ല. അതുകൊണ്ട് അവര്‍ സേവനത്തില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ സേവനം അവസാനിപ്പിച്ചാല്‍ അവരില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന വീട്ടുകാരുടെ അവസ്ഥ എന്താകും? സ്ഥാപനങ്ങളുടെ അവസ്ഥ എന്താകും?

നിലവില്‍ ഒരു പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്ഥാപനത്തിന് ലൈസന്‍സുണ്ട്. ആ ലൈസന്‍സ് നിയമപ്രകാരം ഉപയോക്താവിന് ആവശ്യമുള്ള വൈദ്യുതി ഈ സ്ഥാപനം എത്തിച്ചുകൊടുക്കണം. ഇനി ലൈസന്‍സില്ലാത്ത സ്വകാര്യ കമ്പനികള്‍ വരുമ്പോള്‍ അവര്‍ക്ക് ലൈസന്‍സ് ചട്ടം പാലിക്കേണ്ട ആവശ്യമില്ല. അതിനര്‍ത്ഥം ഉപയോക്താവിന് ആവശ്യത്തിന് വൈദ്യുതി നല്‍കേണ്ട ബാധ്യത അവര്‍ക്കില്ലെന്ന് തന്നെ. 

വിതരണശൃംഖലയുടെ വികസനമാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്ത് വികസനം? ഇപ്പോഴുള്ള വിതരണശൃംഖലയില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യാനുള്ള അവകാശമാണ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് അതിന്‍മേല്‍ കയറി പ്രത്യേകിച്ച് വികസിപ്പിക്കാന്‍ ഒന്നുമില്ല. 

വീട്ടിലെ ഉപയോഗങ്ങള്‍ക്കും കാര്‍ഷിക ആവശ്യത്തിനുമായി വൈദ്യുതി എടുക്കുന്ന സാധാരണ ജനങ്ങള്‍ക്ക് സംസ്ഥാനത്തെ ശരാശരി വൈദ്യുതി വിലയേക്കാള്‍ 2 മുതല്‍ 4 രൂപ വരെ കുറച്ചിട്ടാണ് വൈദ്യുതി നല്‍കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി എടുക്കുന്നവരില്‍ നിന്ന് ഒരു രൂപ കൂട്ടിയും വാങ്ങും. ഇങ്ങനെ കൂട്ടിവാങ്ങുന്ന തുക വെച്ചിട്ടാണ് കര്‍ഷകര്‍ക്കും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വില കുറച്ചു നല്‍കുന്നത്. ഇതിനെ ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്നു. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ക്രോസ് സബ്‌സിഡി തുടരേണ്ട ബാധ്യതയില്ല. കൂടുതല്‍ പണം നല്‍കിയാല്‍ അവര്‍ വൈദ്യുതി നല്‍കും. ക്രോസ് സബ്‌സിഡി മൂലം ഒരു വര്‍ഷം വരുന്ന 2000 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പോലെ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുമെന്ന് കരുതുന്നത് അബദ്ധമാണ്. ഫലത്തില്‍ ക്രോസ് സബ്‌സിഡി സമ്പ്രദായം ശവപ്പെട്ടിയിലാകും. 

കമ്പനികളുടെ ലക്ഷ്യം ലാഭമാണ്, ജനങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കുക എന്നതല്ല. അതുകൊണ്ട് നല്ലപോലെ പണം തരാന്‍ കഴിയുന്ന ഉപയോക്താക്കളെയും അങ്ങിനെയുള്ള പ്രദേശങ്ങളെയും ആയിരിക്കും അവര്‍ തെരഞ്ഞെടുക്കുക. വൈദ്യുതിയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുക ജനങ്ങള്‍ക്ക് എത്ര ദുഷ്‌കരമാണ്! അപ്പോള്‍ സ്വകാര്യ കമ്പനികള്‍ പറയുന്ന വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേട് ജനത്തിനുണ്ടാകും. അല്ലെങ്കില്‍ പഴയ മണ്ണെണ്ണ വിളക്കുകള്‍ പൊടിതട്ടിയെടുത്തുകൊള്ളുക. 

(കടപ്പാട്: മലയാള മനോരമ)