ഓസ്കാര്‍ നാമനിര്‍ദേശം പ്രഖ്യാപിക്കുന്നത് പ്രിയങ്കയും നിക്കും ചേര്‍ന്ന്; ഒറ്റയ്ക്ക് പ്രഖ്യാപിക്കണമെന്ന് പ്രിയങ്ക

93-ാമത് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള നാമനിര്‍ദേശപ്പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും ചേര്‍ന്ന് പുറത്തുവിടും. മാര്‍ച്ച് 15നാണ് പട്ടിക പുറത്തുവിടുന്നത്. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
''ഹേ... അക്കാദമി, ഓസ്കാര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്കാര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്.'' എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
ആദ്യഘട്ടത്തില്‍ 366 ചിത്രങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്, ഐഎം വിജയന് മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്' (സൗണ്ട് ഓഫ് പെയിന്‍) എന്നിവ പട്ടികയില്‍ ഇടം നേടി.
കൊവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ചല്‍സില്‍ സിനിമയുടെ അണിയറ പ്രര്‍ത്തകര്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന ഷോകളെല്ലാം ഇത്തവണ വിര്‍ച്ച്വല്‍ ആയിട്ടാണ് നടന്നത്. ഫെബ്രുവരി 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന നിബന്ധനയും വെച്ചിരുന്നു. മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് വോട്ടിങ് നടന്നത്.