ജപ്പാന്റെ നീരൂറ്റി 2020 ടോക്കിയോ ഒളിംപിക്സ്; ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കായികമാമാങ്കം

ഇതുവരെ നാം കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ കായികമാമാങ്കമായി 2020 ടോക്കിയോ ഒളിംപിക്സ് മാറിയിരിക്കുകയാണ്. ഇതുവരെയും ടോക്കിയോ ഒളിംപിക്സ് നടന്നിട്ടില്ല. കൊവിഡ് മഹാമാരി മൂലം മത്സരം നീട്ടിവെച്ചിരിക്കുകയാണ്. ഇനി നടക്കുമോയെന്ന് പോലും ഉറപ്പില്ല. അതിന് മുമ്പേയാണ് ഭീമമായ ചെലവ് ഒളിംപിക്സിനായി വന്നിരിക്കുന്നത്. ടോക്കിയോ നഗരവും അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയും അത്ലറ്റുകളും പണം ചെലവാക്കുന്നത് രക്തം ഒഴുക്കിക്കളയുന്നതിന് തുല്യമായാണ്. ഇത്രയും ചെലവ് കൂടാനുള്ള ഒരു കാരണം മഹാമാരിയാണെങ്കില്‍ അതിനേക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍ മറുഭാഗത്തുണ്ട്.
2013ലാണ് ജപ്പാന് ടോക്കിയോ ഒളിംപിക്സിനുള്ള ലേലം സ്വന്തമാക്കിയത്. 7.3 ബില്ല്യണ്‍ ഡോളറിനായിരുന്നു അത്. ഇന്ന് ഒളിംപിക്സിനായി ചെലവഴിച്ച ആകെ തുക 26 ബില്ല്യണ്‍ ഡോളറിലെത്തി നില്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
43 വേദികളാണ് ടോക്കിയോ നഗരം ഒളിംപിക്സിനായി തയ്യാറാക്കിയത്. ഉദ്ഘാടന ചടങ്ങും സമാപന ചടങ്ങും ദേശീയ സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു പദ്ധതി. ട്രാക്ക്, ഫീല്‍ഡ് മത്സരങ്ങളും സോക്കര്‍ മത്സരവും ഇവിടെ വെച്ച് നടത്താനും തീരുമാനിച്ചു. എന്നാല്‍ ഈ സ്റ്റേഡിയത്തിന്റെ അടിത്തറ ഇടുന്നതിന് മുമ്പ് തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ലോകപ്രശസ്ത ആര്‍ക്കിടെക്ടായ സാഹ ഹഡീഡിനെയാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ നിയമിച്ചത്. അവര്‍ തയ്യാറാക്കിക്കൊണ്ടുവന്നതാകട്ടെ ഒളിംപിക്സ് കമ്മിറ്റി നിശ്ചയിച്ച ബജറ്റിന് പുറത്ത് പോകുന്നതും. അതായത് 2 ബില്ല്യണ്‍ ഡോളര്‍. അതോടെ അവരെ മാറ്റി ജപ്പാനിലെ തന്നെ പ്രശസ്ത ആര്‍ക്കിടെക്ട് കിംഗോ കൂമയെ ആ ജോലി ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഡിസൈന്‍ അത്രയ്ക്ക് ചെലവ് വരാത്തതായിരുന്നു. 68,000 സീറ്റുകളുള്ള സ്റ്റേഡിയം അങ്ങിനെ നിര്‍മ്മിക്കപ്പെട്ടു, 1.4 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍.
മറ്റ് വേദികളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. എങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്ത് വന്നപ്പോഴേയ്ക്കും ചെലവ് രണ്ടിരട്ടിയായി. ജിംനാസ്റ്റിക് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിച്ച സാധനങ്ങളെല്ലാം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു. എട്ട് പുതിയ വേദികളും പത്ത് താല്‍ക്കാലിക വേദികളും ചെലവ് വര്‍ധിപ്പിച്ചു. ബാഡ്മിന്റണിന് വേണ്ടിയുള്ള പ്ലാസയും പാന്ന്തലോണും അക്വാറ്റിക് സെന്ററും ഡൈവിങ്ങിനും സ്വിമ്മിങ്ങിനും വേണ്ടിയുള്ള വേദികളും വോളിബോള്‍ അരീനയും, കനോയ്-കയാക്കിങ് കേന്ദ്രങ്ങളുമെല്ലാം ചെലവ് ഭീമമായി ഉയര്‍ത്തി.
ബജറ്റിലധികം ചെലവ് ഒളിംപിക്സില്‍ വരിക എന്നത് സര്‍വ്വസാധാരണം ആണ്. എന്നാല്‍ ജപ്പാന്റെ ചെലവ് ഇത്രയധികം വര്‍ധിച്ചതിന് മറ്റ് കാരണങ്ങളുമുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധനവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം ചെലവ് വര്‍ധിക്കാന്‍ കാരണമായി. ഒളിംപിക്സ് ഗ്രാമത്തിലെ 21 കെട്ടിടങ്ങള്‍ക്കും കൂടി ചെലവായത് 2 ബില്ല്യണ്‍ കോടി ഡോളറാണ്. അവ പിന്നെ ജനങ്ങള്‍ക്ക് വിറ്റ് ചെലവായ തുക തിരിച്ചുപിടിയ്ക്കാമെന്ന് വിചാരിക്കാം. എന്നാല്‍ മത്സരം കഴിയാത്തതിനാല്‍ അതുവരേയ്ക്കും ഉപയോഗശൂന്യമായി കിടക്കാനാണ് അതിന്റെ വിധി.
ഗെയിം മാറ്റിവെയ്ക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അതുകൊണ്ട് അധികചെലവിന്റെ കാര്യം തങ്ങള്‍ പരിഗണിക്കുന്നില്ലെന്നുമാണ് ടോക്കിയോ ഒളിംപിക്സിന്റെ മുന്‍ സിഇഒ തോഷിരോ മൂട്ടോ പറഞ്ഞത്. സ്റ്റേഡിയങ്ങള്‍, സ്പോര്‍ട്സ് താരങ്ങളുടെ വീടുകള്‍ എല്ലാം വെറുതെ കിടക്കുകയാണ്. ആരും ഉപയോഗിച്ചിട്ടില്ല. ഇത് കൂടാതെ നിരവധി വാം അപ്പ് ഇവന്റ്സുകള്‍ റദ്ദാക്കി. അതിലൂടെയും വരുമാനം നഷ്ടപ്പെട്ടു. മെയിന്റനന്‍സിനും സുരക്ഷ നല്‍കുന്നതിനും വാടകയിനത്തിലുമായി പണം പൊയ്ക്കൊണ്ടിരിക്കുകയാണ്. മത്സരം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി വെച്ചതുകൊണ്ട് മാത്രം ജപ്പാന്റെ ചെലവ് 1.6 ബില്ല്യണ്‍ കൂടി.
മത്സരം നീട്ടിയതോടെ മത്സരംചിലപ്പോള് റദ്ദാക്കിയേക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ പരന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ക്കെതിരെ പെട്ടെന്ന് തന്നെ ജപ്പാന് സര്‍ക്കാരും ഐഒസിയും രംഗത്ത് വന്നു.
കെട്ടിടനിര്മ്മാണത്തിനായോ മെയിന്റനന്സിനോ ഐഒസി പണം മുടക്കിയിട്ടില്ല. ഗെയിം നടത്താന്‍ തന്നെയാണ് ഐഒസിയ്ക്ക് താല്‍പ്പര്യം. ദശലക്ഷണക്കിന് ടിവി കാഴ്ചക്കാര്‍ ഒളിംപിക്സിനുണ്ട്. ഐഒസിയുടെ മൂന്നിലൊന്ന് വരുമാനവും എന്‍ബിസി പോലുള്ള ബ്രോഡ്കാസ്റ്റേഴ്സിന് സംപ്രേഷണാവകാശം വില്‍ക്കുന്നത് വഴിയാണ് ലഭിക്കുന്നത്. ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകര്‍. നൂറ് കണക്കിന് പെര്‍ഫോമേഴ്സ്, ലേസര്‍ ലൈറ്റ് ഷോ, വെടിക്കെട്ടുകള്‍, ലൈറ്റുകള്‍.. ഇവയ്ക്കെല്ലാം മാത്രമായി ടോക്കിയോ മുടക്കിയത് 118 മില്ല്യണ്‍ ഡോളറാണ്. ഐഒസിയുടെ സംപ്രേക്ഷണാവകാശ വരുമാനത്തില്‍ ഒറ്റ പൈസ പോലും ടോക്കിയോയ്ക്ക് ലഭിക്കുന്നില്ല. 850 മില്ല്യണ്‍ ഡോളര്‍ വരുന്ന ടിക്കറ്റ് വരുമാനവും ഇവര്‍ക്കില്ല.
ഇതിന് പുറമേ കൊവിഡ് മുന്നൊരുക്കത്തിന്റെ ഭാഗമായി 900 മില്ല്യണ്‍ ഡോളര്‍ ചെലവാക്കണം. ഒരു ദിവസം 300 ഡോക്ടര്‍മാരും 400 നഴ്സുമാരും മത്സരവേദികളില്‍ ജോലി ചെയ്യണം. ഇതെല്ലാം ആതിഥേയ നഗരത്തിന് കനത്ത ഭാരമാണ്. ഓരോ കായിക താരത്തിന്മേലുമുള്ള ചെലവ് വേറെ.
മത്സസം റദ്ദാക്കുന്നത് വഴി ജപ്പാന് കിട്ടുന്ന ഇന്‍ഷുറന്‍സ് തുക 2 ബില്ല്യണ്‍ മുതല്‍ 3 ബില്ല്യണ്‍ ഡോളര്‍ വരെയാണ്. എന്നാല്‍ ഇത് മത്സരം നേടിയെടുക്കാന്‍ ടോക്കിയോ മുടക്കിയ ബിഡ് തുകയുടെ പകുതി പോലുമില്ല. ടോക്കിയോ ഒളിംപിക്സിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി പറയുന്നത് ആകെ ചെലവായത് 15.4 ബില്ല്യണ്‍ ഡോളറാണെന്നാണ്. അതായത് മുമ്പ് നിശ്ചയിച്ച ബജറ്റിന്റെ ഇരട്ടി. എന്നാല്‍ വിദഗ്ധരും ജപ്പാന്റെ ഓഡിറ്റര്‍മാരും ഇത് നിഷേധിക്കുന്നു. 26 ബില്ല്യണ്‍ ഡോളര്‍ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞുവെന്ന് അവര്‍ ഉറപ്പായും പറയുന്നു. ഈ തുക ഇനിയും ഉയരും.