• 19 Apr 2021
  • 05: 24 PM
Latest News arrow

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ വേണ്ട; ഇരു മുന്നണികളിലും 'പോസ്റ്റര്‍ യുദ്ധം' മുറുകുന്നു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളില്‍ പോസ്റ്റര്‍ യുദ്ധം. മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍ ഉയരുന്നത്.

എല്‍ഡിഎഫിനുള്ളിലെ പോസ്റ്റര്‍ യുദ്ധം കളമശ്ശേരിയിലാണ്. പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും സിഐടിയു നേതാവ് കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. ''പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും, തുടര്‍ ഭരണമെന്നത് കേരള ജനതയുടെ സ്വപ്നം, ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്നം, നിരത്തില്‍ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട ചന്ദ്രന്‍പിള്ളയെ മതി'' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.

ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എംപിയുമായ ചന്ദ്രന്‍പിള്ളയെ ഇടത് സ്ഥാനാര്‍ത്ഥിയായി കളമശ്ശേരിയില്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ മാറ്റി പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണം.

യുഡിഎഫിനുള്ളിലെ പോസ്റ്റര്‍ യുദ്ധം കഴക്കൂട്ടത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഡോ. എസ്എസ് ലാലിനെതിരെയാണ് പോസ്റ്ററുകള്‍. ''ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിന് വേണ്ട, പ്രൊഫഷണലുകളെ വേണ്ട, ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിയ്ക്ക് വോട്ട് കൊടുക്കാന്‍ വേണ്ടിയോ'' എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

കോഴിക്കോട് പാവങ്ങാട്ടും ഏലത്തൂരിലും എന്‍സിപിയിലെ എകെ ശശീന്ദ്രനെതിരെയാണ് പോസ്റ്റര്‍. ''ശശീന്ദ്രനെ മത്സരിപ്പിക്കരുത്, മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം, ഫോണ്‍ വിളി വിവാദം മറക്കരുത്'' തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. 'സേവ് എന്‍സിപി' എന്ന പേരിലാണ് പോസ്റ്റര്‍. 

പുതുക്കാട് മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. 'സേവ് കോണ്‍ഗ്രസ്-സേവ് പുതുക്കാട്' എന്ന പേരിലാണ് പോസ്റ്ററുകള്‍.