• 19 Apr 2021
  • 06: 22 PM
Latest News arrow

ഏറ്റുമാനൂരിനെച്ചൊല്ലി യുഡിഎഫില്‍ കലഹം; മണ്ഡലത്തില്‍ നിസഹകരിക്കുമെന്ന് പ്രവര്‍ത്തകര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെ അനുനയിപ്പിക്കാന്‍ ഏറ്റുമാനൂര്‍ വിട്ട് നല്‍കിയത് കോട്ടയത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നു. സീറ്റ് ജോസഫ് പക്ഷത്തിന് വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിസഹകരിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാന്‍ ഏറ്റുമാനൂര്‍ വിട്ടുകൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി ലതികാ സുഭാഷായിരുന്നു. ചെറിയ തോതില്‍ അവര്‍ പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നത്. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

കാഞ്ഞിരപ്പള്ളിയിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും കെസി ജോസഫ് അവിടെ പിടിമുറുക്കി. ഇതോടെ പരോക്ഷ വിമര്‍ശനവുമായി ലതിക രംഗത്ത് എത്തി. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേതൃത്വം നല്‍കണമെന്ന് ലതിക ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ വിട്ടുകൊടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രഖ്യാപനം വന്നാല്‍ ശക്തമായ നിസഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.