• 19 Apr 2021
  • 05: 53 PM
Latest News arrow

ആറാമത്തെ ഫോണ്‍ കോടിയേരിയുടെ ഭാര്യയുടെ കയ്യില്‍; കസ്റ്റംസ് നോട്ടീസ് അയച്ചു

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ഈ മാസം പത്തിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് വിവാദമാകും വരെ വിനോദിനി ഉപയോഗിച്ചിരുന്നത് ഈ ഫോണായിരുന്നു. ഫോണിലെ സിംകാര്‍ഡ് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിംകാര്‍ഡ് കണ്ടെത്തിയത്. 

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന് നല്‍കിയ ഫോണാണ് വിനോദിനിയ്ക്ക് ലഭിച്ചത്. ഇത് എങ്ങിനെ എന്ന കാര്യം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 

ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.