• 19 Apr 2021
  • 06: 17 PM
Latest News arrow

മ്യാന്‍മാറും പട്ടാള അട്ടിമറിയും- ഭാഗം 2

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ചുകൊണ്ട് മ്യാന്‍മാര്‍ പട്ടാളം രാജ്യത്തെ തെരഞ്ഞെടുപ്പ് ബോഡിയെ സമീപിച്ചു. നേരായ മാര്‍ഗത്തിലൂടെയാണോ എന്‍എല്‍ഡി തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരേയ്ക്കും എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. 

2020 ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുമ്പോള്‍ ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഓങ് സാങ് സൂക്കി പദ്ധതിയിട്ടിരുന്നു. രാഷ്ട്രീയത്തില്‍ നിന്നും ഭരണത്തില്‍ നിന്നും പട്ടാളത്തെ മാറ്റി നിര്‍ത്താനായിരുന്നു ആ മാറ്റങ്ങള്‍. ഇത് പട്ടാളത്തിന് ഇഷ്ടപ്പെട്ടില്ല. 

മ്യാന്‍മാര്‍ പാര്‍ലമെന്റിലെ 25 എംപിമാരെയും നിയോഗിക്കുന്നത് പട്ടാളമാണ്. അതുകൊണ്ട് ഭരണഘടനയില്‍ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കില്‍ അധികാരത്തിലുള്ള പാര്‍ട്ടിയ്ക്ക് 75 ശതമാനം വോട്ടെങ്കിലും നേടണം. എങ്കില്‍ മാത്രമേ ബില്ലുകള്‍ പോലും നിയമമാക്കാന്‍ സാധിക്കൂ. ഇത് 70 ശതമാനമാക്കി കുറയ്ക്കാനും ഓങ് സാങ് സൂക്കി തീരുമാനിച്ചിരുന്നു.

2020 തെരഞ്ഞെടുപ്പില്‍ 396 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ഓങ് സാങ് സൂക്കിയുടെ എന്‍എല്‍ഡി വിജയിച്ചത്. ലോക്‌സഭയില്‍ 258 സീറ്റും രാജ്യസഭയില്‍ 138 സീറ്റുകളും നേടി. ഭൂരിപക്ഷം തെളിയിക്കാന്‍ 322 സീറ്റുകള്‍ മാത്രം മതി. യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണ് പ്രധാന പ്രതിപക്ഷം. ഈ പാര്‍ട്ടിയ്ക്ക് പട്ടാളത്തിന്റെ പിന്തുണയുണ്ട്. കാരണം ഈ പാര്‍ട്ടിയിലെ നേതാക്കളെല്ലാം മുന്‍ പട്ടാള മേധാവികളാണ്. ഈ തെരഞ്ഞെടുപ്പില്‍ യുഎസ്ഡിപിയ്ക്ക് വെറും 33 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ലോക്‌സഭയില്‍ 26 സീറ്റുകളും രാജ്യസഭയില്‍ 7 സീറ്റും. 

തെരഞ്ഞെടുപ്പിന് ശേഷം ഓങ് സാങ് സൂക്കി മറ്റ് ചെറിയ ലോക്കല്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു ഐക്യ സര്‍ക്കാരിന് ശ്രമിച്ചിരുന്നു. ആദ്യമായിട്ടാണ് ഭരണപ്പാര്‍ട്ടി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അതിനും പുറമേ പ്രതിപക്ഷത്തുള്ള പട്ടാളം പിന്തുണയ്ക്കുന്ന യുഎസ്ഡിപി പാര്‍ട്ടിയിലെ അംഗങ്ങള്‍ പട്ടാളത്തിന്റെ വീറ്റോ പവര്‍ നീക്കം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിരുന്നു. ഇത് സൈന്യത്തിന്റെ അധികാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പോന്നതായിരുന്നു. 

ഈ രണ്ട് കാരണമങ്ങളാണ് മ്യാന്‍മാറില്‍ പട്ടാള അട്ടിമറിയിലേക്ക് നയിച്ചത്. 

പട്ടാള അട്ടിമറി മറ്റ് രാഷ്ട്രങ്ങളെ എങ്ങിനെ ബാധിക്കും?

ഇന്ത്യ

മ്യാന്‍മാറില്‍ ജനാധിപത്യം വരുന്നതിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇന്ത്യ. രാഷ്ട്രീയപരമായ കാര്യങ്ങളിലും നയതന്ത്രപരമായ കാര്യങ്ങളിലും പട്ടാളവുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് താല്‍പ്പര്യമില്ല. ഒരു പൗര സര്‍ക്കാരാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈ ഒരു കാരണം കൊണ്ടാണ് പാകിസ്ഥാനുമായുള്ള ചര്‍ച്ചകളെല്ലാം സംതൃപ്തി നല്‍കാതെ അവസാനിക്കുന്നത്. പാകിസ്ഥാന്‍ പട്ടാളത്തിന്റെ ഇടപെടല്‍ ഇത്തരം ചര്‍ച്ചകളില്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരാറുണ്ടെന്നതാണ് കാരണം. 

എന്നാല്‍ ഇന്ത്യ മ്യാന്‍മാര്‍ പട്ടാളത്തിന് എതിരുമല്ല. കാരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള വിഘടനവാദ ശക്തികളെ ഒതുക്കാന്‍ മ്യാന്‍മാര്‍ പട്ടാളം ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. 1643 കിലോമീറ്ററോളം നിളത്തില്‍ ഇന്ത്യ മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതുകൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്രാതിര്‍ത്തിയും പങ്കിടുന്നു. മ്യാന്‍മാര്‍ പട്ടാളവുമായി ചേര്‍ന്ന് ഇന്ത്യ-മ്യാന്‍മാര്‍ ബൈലാറ്ററല്‍ മിലിട്ടറി എക്‌സര്‍സൈസും ഇന്ത്യ നടത്തുന്നുണ്ട്. ഇത്തരത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും മ്യാന്‍മാര്‍ പട്ടാളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. 

ഈയിടയ്ക്ക് 1.5 മില്ല്യണ്‍ ഡോസസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ മ്യാന്‍മാറിന് നല്‍കി. പട്ടാള അട്ടിമറിയ്ക്ക് ശേഷം പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ മ്യാന്‍മാര്‍ പട്ടാള ഭരണത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം ഒരു സഹായം. അതിന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞ ന്യായം, പട്ടാള അട്ടിമറി നടന്നാലും മ്യാന്‍മാറിന് ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശപരമായ സഹായങ്ങള്‍ തുടരുമെന്നാണ്. അതായത് മ്യാന്‍മാറില്‍ പട്ടാള അട്ടിമറി ഉണ്ടായതില്‍ ഇന്ത്യയ്ക്ക് ഒരു പ്രശ്‌നവുമില്ല.

ചൈന

യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി, അരക്കന്‍ ആര്‍മി തുടങ്ങി മ്യാന്‍മാറിലെ വിഘടന ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിന് ഇപ്പോഴത്തെ പട്ടാള മേധാവി മിന്‍ ഓങ് ലാങ്, ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ രാജ്യവിരുദ്ധ ശക്തികള്‍ യഥാര്‍ത്ഥത്തില്‍ തീവ്രവാദ സംഘടനകളാണ്. ഇവ ചൈനയുടെ പ്രതിനിധികളായാണ് വര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഈ തീവ്രവാദ സംഘടനകള്‍ക്കെല്ലാം ആയുധങ്ങളും സാങ്കേതിക വിദ്യകളും ലഭിക്കുന്നത് ചൈനയുടെ തെക്കന്‍ നഗരമായ കുന്‍മിങ്ങില്‍ നിന്നുമാണ്. മ്യാന്‍മാറിന്റെ വടക്കന്‍ പ്രദേശത്തുകൂടെ സഞ്ചരിച്ച് ഈ സംഘടനകള്‍ ഇന്ത്യയിലേക്ക് കടക്കുന്നു. മ്യാന്‍മാറിന്റെ വടക്കന്‍ പ്രദേശത്തുള്ള കച്ചിന്‍ സംസ്ഥാനമാണ് രാജ്യവിരുദ്ധ ശക്തികളുടെ കേന്ദ്രം. ഇവരെ ഇന്ത്യന്‍ സര്‍ക്കാരും മ്യാന്‍മാര്‍ സര്‍ക്കാരും തീവ്രവാദികള്‍ എന്ന് മുദ്രകുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും സ്വയം ഭരണാധികാരത്തിനും വേണ്ടി പോരാടുന്ന ഇവരെ പരിശീലനവും ആയുധങ്ങളും നല്‍കി ചൈന മുതലാക്കുകയാണ്. ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള വിരുദ്ധ ശക്തികളോട് ഇന്ത്യ പോരാടുന്നത് പോലെ വടക്ക് കിഴക്ക് ചൈനീസ് പിന്തുണയുള്ള തീവ്രവാദ സംഘങ്ങളുമായി ഇന്ത്യയ്ക്ക് പോരാടേണ്ടി വരുന്ന സാഹചര്യമാണ്. 

പട്ടാള അട്ടിമറിയില്‍ നിന്നും ചൈനയ്ക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. കാരണം മ്യാന്‍മാര്‍ പട്ടാളത്തിന് സീ ജിന്‍പിങ്ങിനോട് വലിയ താല്‍പ്പര്യമില്ല. എന്നാല്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള ചൈന മ്യാന്‍മാര്‍ സാമ്പത്തിക ഇടനാഴിയ്ക്ക് ഇത് തടസ്സമാണ്. മ്യാന്‍മാര്‍ നഗരമായ മാന്‍ഡലേയിലൂടെ തീരദേശ പ്രദേശമായ ക്യക്ക്പൂവിലെത്തി വേണം ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിച്ചേരാന്‍. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് തുല്യമായ പദ്ധതി. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാങ് മുതല്‍ കറാച്ചിയിലൂടെ അറബിക്കടലിനോട് ചേര്‍ന്നുള്ള ഖ്വാദ്വാറിലെത്തുന്നതാണ് ആ പദ്ധതി. ഖ്വാദറിലും ക്യാക്ക്പൂവിലും ചൈന തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിലൂടെ മലാക്ക കടലിടുക്കിനെയും തെക്കന്‍ ചൈന കടലിനെയും ആശ്രിയിക്കുന്നത് ചൈനയ്ക്ക് കുറയ്ക്കാം. ചൈനയുടെ 90 ശതമാനം വാണിജ്യവും തെക്കന്‍ ചൈന കടലിലൂടെയാണ് നടക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ചൈന ഓങ് സാങ് സൂക്കി സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം രാഷ്ട്രീയം, വാണിജ്യം, നിക്ഷേപം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. എന്നാല്‍ മ്യാന്‍മാറിലെ യുവാക്കള്‍ ചൈനയ്ക്ക് പട്ടാള നേതൃത്വുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ ഇനിയും പുറത്തുവരണം. 

പടിഞ്ഞാറന്‍ രാജ്യങ്ങള്‍

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ ആകെ ചെയ്യാനുള്ളത് ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണ്. പട്ടാളം ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധങ്ങള്‍ തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാനഡയും ബ്രിട്ടനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ മ്യാന്‍മാറിന് ഇതൊന്നും പ്രശ്‌നമല്ലെന്നതാണ് വസ്തുത. റോഹിഗ്യ പ്രശ്‌നം വന്നപ്പോഴും ഇത്തരത്തിലുള്ള നടപടികള്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ചതാണ്. എന്നാല്‍ മ്യാന്‍മാര്‍ അതൊന്നും കാര്യമാക്കിയതേയില്ല. 

എന്തായാലും ഇന്ത്യയെയും ചൈനയെയും പോലെ വലിയ സാമ്പത്തിക ശക്തിയാകണമെന്നുമുള്ള ആഗ്രഹമൊന്നും മ്യാന്‍മാറിനില്ല. അതേസമയം ഈ രണ്ട് രാജ്യങ്ങള്‍ക്കും മ്യാന്‍മാര്‍ വിലപിടിച്ച രാജ്യമാണ്. അങ്ങിനെയായി തുടരനാണ് മ്യാന്‍മാറും ആഗ്രഹിക്കുന്നത്.