• 19 Apr 2021
  • 06: 12 PM
Latest News arrow

ലൈംഗികാരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബിജെപി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിയ്‌ക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയില്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിന് പിന്നാലെയുള്ള ജര്‍ക്കിഹോളിയുടെ പ്രതികരണം.

എന്നാല്‍ ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്. തനിക്കെതിരായ ആരോപണം സത്യത്തില്‍ നിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി രാജിവെയ്ക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ജര്‍ക്കിഹോളി പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നല്‍കിയിട്ടുണ്ട്.

നേരത്തെ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപിയിലേക്ക് ചുവടുമാറിയ എംഎല്‍എമാരിലൊരാളാണ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ശേഷം മന്ത്രിയാവുകയായിരുന്നു.