• 19 Apr 2021
  • 05: 43 PM
Latest News arrow

മ്യാന്‍മാറും പട്ടാള അട്ടിമറിയും; ഭാഗം-1

മ്യാന്‍മാര്‍. വടക്ക് പടിഞ്ഞാറ് ഇന്ത്യയും ബംഗ്ലാദേശും വടക്ക് കിഴക്ക് ചൈനയും തെക്ക് പടിഞ്ഞാറ് ആന്‍ഡമാന്‍ കടലും ബംഗാള്‍ ഉള്‍ക്കടലും ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യം. ബര്‍മ എന്ന പൂര്‍വ്വ നാമമുള്ള ഈ രാജ്യം 1989ലാണ് മ്യാന്‍മാര്‍ എന്ന പേര് സ്വീകരിച്ചത്. നാപ്പിര്‍ഡോയാണ് മ്യാന്‍മാറിന്റെ തലസ്ഥാനം. 5.4 കോടി ജനസംഖ്യയുള്ള മ്യാന്‍മാര്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം കൂടിയാണ്. മ്യാന്‍മാറിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് യങ്കൂണും മാന്‍ഡലേയും. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ സാമ്രാട്ടായ ബഹദൂര്‍ഷാ സഫറിനെ 1857ലെ വിപ്ലവത്തിന് കാരണക്കാരനായ കുറ്റവാളിയായി കണക്കാക്കി ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് അന്ന് റങ്കൂണ്‍ എന്ന് അറിയപ്പെട്ടിരുന്ന യങ്കൂണിലേക്കാണ്. അവിടെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച ബഹദൂര്‍ഷാ 1862ല്‍ മരിച്ചു. നേപ്പിയാര്‍ഡോയിലെ ഭരണസിരാ നഗരമായ മാന്‍ഡലേയാണ് മ്യാന്‍മാറിലെ മറ്റൊരു പ്രധാന നഗരം. 

ബുദ്ധമതമാണ് മ്യാന്‍മാറിലെ പ്രധാനപ്പെട്ട മതം. 90 ശതമാനം ജനങ്ങളും തെരവാദ, മഹായാന, താന്ത്രിക് എന്നീ മൂന്ന് ബുദ്ധമത വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ബാക്കിയുള്ള പത്ത് ശതമാനം പേര്‍ ക്രിസ്തുമതം, ഇസ്ലാംമതം, ഹിന്ദുമതം എന്നിവയില്‍ വിശ്വസിക്കുന്നു. 

പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് മ്യാന്‍മാര്‍. പ്രകൃതി വാതകം, പെട്രോളിയം, തടി, സ്വര്‍ണം, റൂബി, ജെയ്ഡ് എന്നിങ്ങനെ വിഭവങ്ങളില്‍ വലിയ സമൃദ്ധിയുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയുടെ അവികസിത രാജ്യങ്ങളുടെ പട്ടികയിലാണ് മ്യാന്‍മാര്‍ എന്നതാണ് വസ്തുത. അതിന് പ്രധാന കാരണം വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ പാതയിലല്ലാത്തതാണ്. സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം ഏറെ പിന്നിലാണ്. പട്ടാള സ്വേച്ഛാധിപത്യവും നീണ്ട് നില്‍ക്കുന്ന സിവില്‍ വാറുകളും രാജ്യത്തിന്റെ സാമ്പത്തിക ശേഷി നശിപ്പിച്ചു. 

1960കളുടെ തുടക്കത്തില്‍ മ്യാന്‍മാര്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു. 1962 മുതല്‍ പട്ടാളഭരണം തുടങ്ങിയതോടെ മ്യാന്‍മാര്‍ തങ്ങളുടെ സമ്പദ് മേഖല പുറംലോകത്തിന് മുമ്പില്‍ അടച്ചുകളഞ്ഞു. 2011 വരെ നീണ്ട പട്ടാള ഭരണത്തിന്റെ ഫലമായി ഏറ്റവും ദരിദ്രമായ രാജ്യമായി മ്യാന്‍മാര്‍ മാറി. 

2010 ഓടെയാണ് പട്ടാള ഭരണത്തില്‍ നിന്നും അര്‍ധ ജനാധിപത്യത്തിലേക്ക് രാജ്യം സഞ്ചരിച്ച് തുടങ്ങിയത്. അതിന് കാരണം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായ നിരന്തര സമ്മര്‍ദ്ദമായിരുന്നു. യുഎസ് അടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ പട്ടാള ഭരണത്തിന്‍ കീഴിലുള്ള മ്യാന്‍മാറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തി. ഇതോടെ മ്യാന്‍മാര്‍ പട്ടാളത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതായി. സാമ്പത്തിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ അവര്‍ പുറംലോകത്തിന് മുമ്പില്‍ രാജ്യം തുറന്നിട്ടു.

2008ല്‍ മ്യാന്‍മാര്‍ പട്ടാളം രാജ്യത്തിനായി ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. അര്‍ധ ജനാധിപത്യത്തിലേക്കുള്ള ഒരു റോഡ് മാപ്പായിരുന്നു ആ ഭരണഘടന. 2010ല്‍ ഓങ് സാങ് സൂക്കി വീട്ടുതടങ്കില്‍ നിന്ന് മോചിതയായി. മ്യാന്‍മാറിന്റെ സ്വാതന്ത്ര്യ സമര നായകന്‍ ജനറല്‍ ഓങ് സാങിന്റെ മകളായ സൂക്കി 15 വര്‍ഷമായി വീട്ടുതടങ്കലിലായിരുന്നു. വീട്ടുതടങ്കലിലായിരിക്കെ 1991ല്‍ അവര്‍ക്ക് നോബല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

സൂക്കിയുടെ വരവ് മ്യാന്‍മാറില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ആക്കം കൂട്ടി. 2015ല്‍ നാഷ്ണല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഓങ് സാങ് സൂക്കി വന്‍ വിജയം കരസ്ഥമാക്കി. ഇതോടെ സൂക്കിയെ ആളുകള്‍ നെല്‍സണ്‍ മണ്ഡേലയോട് വരെ താരതമ്യപ്പെടുത്തി. 27 വര്‍ഷം ജയില്‍വാസം അനുഭവിച്ച നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായത് പോലെ 15 വര്‍ഷം തടങ്കലില്‍ കഴിഞ്ഞ സൂക്കി പ്രധാനമന്ത്രി പദവിയ്ക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓഫ് മ്യാന്‍മാര്‍ എന്ന പദവിയിലെത്തി. അര്‍ധജനാധിപത്യം മ്യാന്‍മാര്‍ പട്ടാളം അംഗീകരിച്ചു. 

എന്നാല്‍ തങ്ങളുടെ മേധാവിത്വവും പരമാധികാരവും പട്ടാളം വിട്ടുകൊടുത്തില്ല. പാര്‍ലമെന്റിലെ ജനസഭയില്‍ 440 അംഗങ്ങളുള്ളതില്‍ 110 അംഗങ്ങളെ പട്ടാളമാണ് നിയമിച്ചത്. 25 ശതമാനം സീറ്റ് സൈന്യത്തിനാണെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഭരണഘടനാ ഭേദഗതിയില്‍ അവര്‍ക്ക് വീറ്റോ അധികാരവും ഉണ്ടായിരുന്നു. 

ശക്തവും സമ്പന്നവുമായ സൈന്യമാണ് മ്യാന്‍മാറിലേത്. അതിന് കാരണം സമ്പദ് മേഖലയുടെ മേല്‍ അവര്‍ക്കുള്ള നിയന്ത്രമാണ്. രാജ്യത്തെ പ്രമുഖമായ നിരവധി കമ്പനികള്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജെയ്ഡ്, റൂബി തുടങ്ങിയ ഖനി വ്യവസായങ്ങളും ടുബാക്കോ, ബിയര്‍, വിനോദം, ബാങ്കിങ്, ഗതാഗതം, നിര്‍മ്മാണം എന്നീ വ്യവസായങ്ങളും പട്ടാളത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ഇത്രയും ശക്തമായ സൈന്യം കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയതി രാജ്യത്തെ ജനാധിപത്യ ഭരണം മറിച്ചിട്ട് വീണ്ടും അധികാരത്തില്‍ വന്നു. 2020 നവംബര്‍ എട്ടാം തിയതി ഓങ് സാങ് സൂക്കി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ സൂക്കിയുടെ വിജയത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നുവെന്നും വോട്ടിങ്ങില്‍ തിരിമറിയുണ്ടായെന്നും ആരോപിച്ച് പട്ടാളം സൂക്കിയെ അറസ്റ്റ് ചെയ്ത് വീണ്ടും വീട്ടുതടങ്കലിലാക്കി. 

......തുടരും..............