• 19 Apr 2021
  • 07: 10 PM
Latest News arrow

ലാന്‍ഡ് റവന്യൂ ജീവക്കാരിയുടെ ആത്മഹത്യയില്‍ അസ്വാഭാവികത; ഡയറില്‍ ചിലരുടെ പേരുകള്‍

ചിറയിന്‍കീഴ്: തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ്‌ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി (48)യുടെ മരണത്തില്‍ അസ്വാഭാവികത. കഴിഞ്ഞ ദിവസം ആനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു.

നേരത്തെ, തിരുവനന്തപുരം ഗവ. പ്രസ്സിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നത്. അടുത്തിടെ കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് വിവരം. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭര്‍ത്താവുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. 

മക്കള്‍: വിഷ്ണു, പാര്‍വ്വതി (ഇരുവരും വിദ്യാര്‍ത്ഥികള്‍)