• 19 Apr 2021
  • 06: 35 PM
Latest News arrow

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും ആറ് മാസം കൂടി തരണമെന്ന് ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് ജഡ്ജി. ആറ് മാസം കൂടി നല്‍കണമെന്നാണ് ആവശ്യം. കേരള ഹൈക്കോടതി രജിസ്റ്റര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിയ്ക്ക് കത്ത് നല്‍കി. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും. 

ആറ് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ ആറ് മാസത്തെ കാലാവധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തൊരു സാഹചര്യം വന്നപ്പോള്‍ ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ആറ് മാസത്തെ കൂടി കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി. ഈ മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നായിരുന്നു ജഡ്ജി സുപ്രീംകോടതിയ്ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ഫെബ്രുവരി അവസാനമായിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ആറ് മാസത്തെ സമയം ഹൈക്കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വിചാരണ നടക്കുന്നതിനിടെ വലിയ തടസ്സങ്ങള്‍ നേരിട്ടുവെന്നാണ് ജഡ്ജി പറയുന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ രംഗത്ത് വന്നതാണ് തടസ്സങ്ങളില്‍ ഒന്ന്. ആദ്യം വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും ആവശ്യം തള്ളിയപ്പോള്‍ സുപ്രീംകോടതിയിലും പ്രോസിക്യൂഷന്‍ ഇതിനായി പോയി. ഈ സമയത്ത് വിചാരണ നടത്താന്‍ കഴിഞ്ഞില്ല. പൂര്‍ണമായും വിചാരണ നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്നും ജഡ്ജിയെ മാറ്റേണ്ടതില്ലെന്നും ഇപ്പോഴുള്ള ജഡ്ജിയ്ക്ക് വിചാരണയുമായി മുന്നോട്ടുപോകാമെന്നും ഉത്തരവുണ്ടായി. ഈ ഉത്തരവുണ്ടാകുന്നതുവരെ വിചാരണ തടസ്സപ്പെട്ടു. ഇക്കാരണങ്ങളാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും ആറ് മാസത്തെ സമയം വേണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.