• 19 Apr 2021
  • 06: 34 PM
Latest News arrow

തെരഞ്ഞെടുപ്പ് കാലമാണെന്ന് മറന്ന് കോണ്‍ഗ്രസ്; ദേശീയ നേതൃത്വത്തിനെതിരെ അതൃപ്തി പുകയുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തിരുത്തല്‍ വാദം ആരംഭിച്ച നേതാക്കള്‍ ഇന്ന് ഗുലാം നബി ആസാദിന് കശ്മീരില്‍ സ്വീകരണം ഒരുക്കുകയാണ്. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭുപീന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബര്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വിമത സ്വരങ്ങളെല്ലാം ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ശശി തരൂര്‍ പങ്കെടുക്കുന്നില്ല. 

കോണ്‍ഗ്രസിനകത്ത് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ 23 നേതാക്കള്‍ വളരെ ശക്തമായിട്ട് തന്നെ മുന്നോട്ട് പോകാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇന്നലെ ഈ നേതാക്കളെല്ലാവരും ജമ്മുവില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ ഒരു എന്‍ജിഒയുടെ പേരില്‍ ഗുലാം നബി ആസാദിന് സ്വീകരണം നല്‍കുക എന്നതാണ് ഉദ്ദേശ്യം. ഗ്ലോബല്‍ ഗാന്ധി ഫാമിലി എന്ന പേരിലാണ് എന്‍ജിഒ ഇപ്പോള്‍ നിലവിലുള്ളത്. ഈ എന്‍ജിഒയുടെ അധ്യക്ഷനായിരിക്കുന്നത് ഗുലാം നബി ആസാദാണ്. അദ്ദേഹം തന്നെ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത് വിരോധാഭാസം. 

കോണ്‍ഗ്രസിനുള്ളില്‍ അധ്യക്ഷ പദവി ലക്ഷ്യം വെച്ചുകൊണ്ട് ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളുടെ തുടക്കമായി മാറുകയാണ് ജമ്മുവിലെ ഈ പരിപാടി. ഇന്നലെ ജമ്മുവിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് ഗുലാം നബി ആസാദ് എത്തിയപ്പോള്‍ നൂറു കണക്കിന് ആള്‍ക്കാര്‍ അവിടെ വരികയും അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. അതായത് ഈ നേതാക്കള്‍ പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. ശശി തരൂരിനെ കൂടി കൊണ്ടുവരാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. എന്നാല്‍ ശശി തരൂര്‍ തിരുവനന്തപുരത്തായതുകൊണ്ട് ഇന്ന് ജമ്മുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. പക്ഷേ കൂടുതല്‍ സ്ഥലങ്ങളില്‍ റാലി നടത്താന്‍ ഇപ്പോള്‍ ഈ നേതാക്കള്‍ ആലോചിക്കുന്നുണ്ട്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വലിയൊരു റാലി നടത്താന്‍ പദ്ധതിയുണ്ട്. 

അതേസമയം ഔദ്യോഗികമായി കോണ്‍ഗ്രസ് ഈ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. ജമ്മുവിലെ പരിപാടിയ്ക്ക് ശേഷം ആലോചിച്ച് നിലപാട് വ്യക്തമാക്കിയേക്കും. എന്തായാലും ഈ തെരഞ്ഞെടുപ്പ് കാലത്ത് നല്ല കാഴ്ചകളല്ല കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ കാണുന്നത്.