• 06 Mar 2021
  • 11: 02 PM
Latest News arrow

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി നാരായണസ്വാമി രാജിവെച്ചു

ചെന്നൈ: പുതുച്ചേരിയിലെ വി. നാരായണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി. നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.

തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെ വീണത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയ്‌ക്കെതിരെയും വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി. നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തി. കിരണ്‍ബേദിയെ വെച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവെച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണ സ്വാമി ആരോപിച്ചു.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എംഎല്‍എമാര്‍ കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ ലക്ഷ്മീ നാരായണനും സഖ്യകക്ഷിയായ ഡിഎംകെയിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വിപി ശിവകൊളുന്തുവിന് രാജി സമര്‍പ്പിച്ചത്.

ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവെച്ചത്.

ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി എന്‍ആര്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട് ഓള്‍ ഇന്ത്യ, എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും ഇവര്‍ക്ക് മറ്റ് നിയമസഭാ സാമാജികരുടെ അവകാശങ്ങളുണ്ടെന്ന് പ്രതിപക്ഷവും വാദിച്ചിരുന്നു.