• 06 Mar 2021
  • 11: 01 PM
Latest News arrow

വിവാഹഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

മുംബൈ: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ഓടുന്ന ട്രെയിനിനടയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈയിലെ ഘര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വഡാല സ്വദേശിയായ സുമേഷ് ജാദവാണ് (24) ഘര്‍ സ്വദേശിയായ 21-കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം റെയില്‍ സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു. 

അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടിയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്. അമ്മയും മകളും ശക്തമായി ചെറുത്തു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലുമായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളുമായി യുവതി അകലം പാലിച്ചു. എന്നാല്‍ യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. 

വെള്ളിയാഴ്ച രാത്രി അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറിയ യുവതിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. സുമേഷ് പിന്തുടരുന്നത് തിരിച്ചറിഞ്ഞ യുവതി അമ്മയോട് ഘര്‍ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഘര്‍ സ്റ്റേഷനില്‍ ഇറങ്ങി അമ്മയോടൊപ്പം പോകുന്നതിനിടെ ഇയാള്‍ ഇരുവരെയും തടഞ്ഞുവെച്ചു. യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി തുറന്നു പറഞ്ഞതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നായി യുവാവിന്റെ ഭീഷണി. ഇതിനിടെ ഒരു ട്രെയിന്‍ സ്‌റ്റേഷനിലേക്ക് വരുമ്പോള്‍ അതിന് മുമ്പിലേക്ക് ചാടാനും യുവാവ് ശ്രമിച്ചു. എന്നാല്‍ പ്ലാറ്റ്‌ഫോമിന്റെ അരികില്‍ വരെ ഓടിയെത്തിയ യുവാവ് പിന്നീട് തിരികെ വന്നു. തുടര്‍ന്നാണ് ഓടുന്ന ട്രയിനിനടയിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റതായും 12 സ്റ്റിച്ചുകളുണ്ടെന്നും പൊലീസ് പറഞ്ഞു. 

Watch: 'Spurned' 24-year-old man attempts to push woman under running train in Khar. #Mumbai pic.twitter.com/QJwnvWk8rw

— TOI Mumbai (@TOIMumbai) February 21, 2021