• 06 Mar 2021
  • 10: 22 PM
Latest News arrow

ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചു; ചര്‍ച്ച സന്തോഷം നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായും ചര്‍ച്ചയ്ക്ക് ശേഷം പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ദക്ഷിണമേഖല ഐജിയും ആഭ്യന്തര സെക്രട്ടറിയുമായി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ കണ്ടത്.

26 ദിവസമായി തുടരുന്ന പിഎസ്‌സി സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്‍കാന്‍ ശ്രമിക്കാം എന്നാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ്.

ആവശ്യങ്ങള്‍ ന്യായമാണെന്നും വേണ്ട നടപടിക്രമങ്ങള്‍ പരിശോധിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഒഎ, നൈറ്റ് വാച്ച്മാന്‍ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറെ സന്തോഷം നല്‍കിയ ചര്‍ച്ചയാണിതെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.