• 06 Mar 2021
  • 09: 56 PM
Latest News arrow

അനാഥനായ വൃദ്ധന്റെ മൃതദേഹം ചുമന്ന് പൊലീസുകാരി; സല്യൂട്ടുകളുടെ പ്രവാഹം

ശ്രീകാകുളം: ആരെന്നറിയാത്ത അശരണനായ ഒരു വയോധികന്റെ മൃതശരീരം സംസ്‌കരിക്കാനായി തോളത്ത് ചുമന്നുകൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥ കയ്യടി നേടുന്നു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള കാസിബഗ്ഗ പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ സിരിഷയുടെ പ്രവര്‍ത്തിയാണ് ഹൃദയസ്പര്‍ശിയും ശ്രദ്ധേയവുമായത്. 

ജില്ലയിലെ പലാസ എന്ന സ്ഥലത്തുള്ള നെല്‍പ്പാടത്തിലൂടെ സബ് ഇന്‍സ്‌പെക്ടര്‍ സിരിഷ മൃതദേഹം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ  സിരിഷയ്ക്ക് സല്യൂട്ടുകളുടെ പ്രവാഹമാണ്. അശരണനായ വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാന്‍ ഗ്രാമീണര്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേയ്ക്ക് മാറ്റി സംസ്‌കരിക്കാന്‍ തീരുമാനമായത്. 

മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറി നിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സാരമില്ല ഞാന്‍ ചെയ്യാമെന്ന് ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്.