• 06 Mar 2021
  • 10: 14 PM
Latest News arrow

അപൂര്‍വ്വ നേട്ടവുമായി ലിസ്ബത്ത്; ഒന്നര കോടിയിലേറെ രൂപയുടെ സ്‌കോളര്‍ഷിപ്പുമായി അമേരിക്കയിലേക്ക്

കോഴിക്കോട്: മലയാളി കായികതാരം ലിസ്ബത്ത് കരോളിന്‍ ജോസഫിന് അപൂര്‍വ്വ നേട്ടം. ഒന്നര കോടിയിലേറെ രൂപയുടെ വിദേശ സ്‌കോളര്‍ഷിപ്പിന് ലിസ്ബത്ത് അര്‍ഹത നേടി. അടുത്ത ദിവസം ഉപരിപഠനത്തിനായി ലിസ്ബത്ത് അമേരിക്കയിലേക്ക് തിരിക്കും. സ്‌കൂള്‍ തലം മുതല്‍ കായിക രംഗത്തും പഠനത്തിലും മികവാര്‍ന്ന പ്രകടനമാണ് ലിസ്ബത്ത് നടത്തുന്നത്.

അന്തരാഷ്ട്ര സ്‌കൂള്‍ അത്‌ലറ്റിക്‌സ്, ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ലിസ്ബത്ത് രാജ്യത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. ദേശീയ ജൂനിയര്‍ മീറ്റ്, സ്‌കൂള്‍ മീറ്റ് എന്നിവയില്‍ ട്രിപ്പിള്‍ ജംപില്‍ റെക്കോര്‍ഡ് പ്രകടനങ്ങളും ലിസ്ബത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഒപ്പം എപ്പോഴും പഠനത്തിലും മികവ് പ്രകടിപ്പിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയാണ് പഠനം മുമ്പോട്ട് കൊണ്ടുപോകുന്നത്. ഇത് രണ്ടും പരിഗണിച്ചാണ് അമേരിക്കയിലെ ലിഞ്ച്ബര്‍ഗിലെ ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ സ്‌കോളര്‍ഷിപ്പിന് ലിസ്ബത്ത് അര്‍ഹയാകുന്നത്. 

ഒരു കോടി 64 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. 4 വര്‍ഷമാണ് പഠനം. പഠനം, കായികപരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാ ഉള്‍പ്പെടുന്നതാണ് സ്‌കോളര്‍ഷിപ്പ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സെയില്‍സ് ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിലാണ് ഉപരിപഠനം. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ ലിസ്ബത്ത് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരമാണ്. ടോമി ചെറിയാന്റെ കീഴിലായിരുന്നു ലിസ്ബത്തിന്റെ പരിശീലനം. പുല്ലൂരാംപാറ സ്വദേശി സജി എബ്രഹാമിന്റെയും ലന്‍സി ജോര്‍ജിന്റെയും മകളാണ് ലിസ്ബത്ത് കരോലിന്‍ ജോസഫ്.